ഫാൻ പൊട്ടിവീണ് അഞ്ചുപേർക്കു പരിക്ക്
1545973
Sunday, April 27, 2025 6:59 AM IST
ചാലക്കുടി: താഴൂരിലെ ഹാളിൽ ഫാൻ പൊട്ടിവീണ് പിഞ്ചുകുഞ്ഞടക്കം അഞ്ചുപേർക്കു പരിക്കേറ്റു. മനസമ്മതശേഷം ഹാളിൽ റിസപ്ഷൻ നടക്കുന്നതിനിടെയാണു വലിയ ഫാൻ പൊട്ടിവീണത്. ഇന്നലെ രണ്ടരയോടെയാണു സംഭവം. ഹാളിന്റെ മേൽക്കൂരയിൽ ഘടിപ്പിച്ചിരുന്ന ഫാനിന്റെ വെൽഡിംഗ് പൊട്ടി ആളുകൾക്കിടയിലേക്ക് വീഴുകയായിരുന്നു. സംഭവസമയം അന്പതോളം പേർ ഹാളിനകത്ത് ഉണ്ടായിരുന്നു.
അപകടത്തിൽ പരിക്കേറ്റ കുറ്റിച്ചിറ തത്തമ്പിള്ളി വീട്ടിൽ ബേബി (50), താഴൂർ ഞാറേക്കാടൻ വീട്ടിൽ ഷീജ പോൾ, (40) കലിക്കൽ സ്വദേശി തോപ്പിൽ വീട്ടിൽ ആദിത്യൻ (19) മാരാംകോട് വലിയവീട്ടിൽ ഇവ (2),ചെമ്പൻകുന്ന് തത്തമ്പിള്ളി വീട്ടിൽ വർഗീസ് (63) എന്നിവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേബിയുടെ തലയ്ക്കേറ്റ പരിക്ക് സാരമുള്ളതായതിനാൽ വിദഗ്ധചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി.