എൻഎച്ച്എ സുരക്ഷാമുൻകരുതലുകൾ സ്വീകരിച്ചില്ലെന്നു കണ്ടെത്തൽ
1546426
Tuesday, April 29, 2025 1:55 AM IST
തൃശൂർ: ദേശീയപാതയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട ചാലക്കുടി ഡിവൈഎസ്പി, ചാലക്കുടി ആർടിഒ, ചാലക്കുടി തഹസിൽദാർ എന്നിവരുടെ സംയുക്ത പരിശോധനാറിപ്പോർട്ടിൽ പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിലെ അടിപ്പാതനിർമാണമേഖലകളിൽ ആവശ്യമായ സുരക്ഷാമുൻകരുതലുകൾ നാഷണൽ ഹൈവേ അഥോറിറ്റി (എൻഎച്ച്എ) സ്വീകരിച്ചിട്ടില്ലെന്നും ഫ്ലാഗ്മാനെ നിയോഗിച്ചിട്ടില്ലെന്നും കണ്ടെത്തൽ.
ഡീപ് എക്സ്കവേഷൻ (വലിയ കുഴിയെടുക്കൽ) നടക്കുന്ന ഭാഗങ്ങളിൽ സർവീസ് റോഡിന്റെ വശങ്ങളിൽ മതിയായ സംരക്ഷണ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടില്ല. സർവീസ് റോഡിനരികിൽ നിലവിലുള്ള ഇലക്ട്രിക് പോസ്റ്റുകൾ എല്ലാം മാറ്റിയിട്ടില്ല. മെയിൻ റോഡുകളിൽനിന്ന് സർവീസ് റോഡുകളിലേക്കു പ്രവേശിക്കുന്ന സ്ഥലങ്ങളിൽ എല്ലായിടത്തും വീതികൂട്ടിയിട്ടില്ല. റോഡിന്റെ ഉയരം ക്രമീകരിച്ചിട്ടില്ല. മതിയായ വെളിച്ചം, ആവശ്യത്തിനു മുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിച്ചിട്ടില്ല.
നിർമാണപ്രവർത്തനങ്ങൾ നടത്തുന്ന സ്ഥലത്തിന് 500 മീറ്റർ മുൻപുതന്നെ ട്രാഫിക് ഡൈവേർഷൻ ഉണ്ടെന്നു വിവിധ ഭാഷകളിലുള്ള ഫ്ലൂറസെന്റ് ബോർഡുകൾ, ഡൈവേർഷനുള്ള ഭാഗങ്ങളിൽ ഓവർടേക്കിംഗ് നിരോധിച്ചുള്ള ബോർഡുകൾ, ബ്ലിങ്കർ ലൈറ്റുകൾ, റിഫ്ലക്ടറുകൾ എന്നിവ എല്ലായിടത്തും സ്ഥാപിച്ചിട്ടില്ല. ഡ്രെയിനേജ് സംവിധാനം എല്ലായിടത്തും പൂർത്തിയാക്കിയിട്ടില്ല. കഴിഞ്ഞദിവസത്തെ മഴയിൽ കൊരട്ടി ജംഗ്ഷനിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടെന്നും നിർമാണ പ്രവൃത്തികൾ മന്ദഗതിയിലാണെന്നും ക്രെയിൻ സൗകര്യം ഏർപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.