മാർത്ത് മറിയം വലിയപള്ളിയിൽ ഓർമത്തിരുനാൾ നാളെമുതൽ
1546433
Tuesday, April 29, 2025 1:55 AM IST
തൃശൂർ: ഇന്ത്യയിലെ പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ വിശുദ്ധ അബിമലേക് തിമോഥെയൂസിന്റെ 80-ാം ഓർമത്തിരുന്നാളും ദിവംഗതരായ സഭാപിതാക്കന്മാരുടെ ഓർമദിനവും സമൂഹസദ്യയും മാർത്ത് മറിയം വലിയപള്ളിയിൽ നാളെയും മറ്റന്നാളുമായി ആചരിക്കും.
നാളെ വൈകീട്ട് 6.30ന് റംശാ പ്രാർഥനയും തിരുനാൾപ്രദക്ഷിണവും നടക്കും. ഒന്നിനു രാവിലെ ഏഴിന് മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, ധൂപപ്രാർഥന, അന്നീദശുശ്രൂഷ, രാവിലെ 10.30നു സമൂഹസദ്യ ആശീർവദിക്കൽ. തുടർന്നുനടക്കുന്ന അനുസ്മരണസമ്മേളനവും അഖിലേന്ത്യാ പുരോഹിത അവാർഡ് പ്രഖ്യാപനവും ഓർത്തഡോക്സ് സിറിയൻ സഭ കണ്ടനാട് ഭദ്രാസനാധിപൻ തോമസ് മോർ അത്തനേഷ്യസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, എംഎൽമാരായ സേവ്യർ ചിറ്റിലപ്പിള്ളി, പി. ബാലചന്ദ്രൻ, മേയർ എം.കെ. വർഗീസ്, അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ തുടങ്ങിയവർ മുഖ്യാതിഥികളാകും.
സൗജന്യനേത്രപരിശോധന, മെഡിക്കൽ ക്യാന്പുകൾ എന്നിവയും ഉണ്ടായിരിക്കുമെന്നും മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത പത്രസമ്മേളനത്തിൽ അറിയിച്ചു. ഫാ. കെ.ആർ. ഇനാശു, അബി ജെ. പൊൻമാണിശേരി, രാജൻ ജോസ് മണ്ണുത്തി, ഗിഫ്റ്റൻ കെ. ജോസഫ് എന്നിവരും പങ്കെടുത്തു.