കുട്ടികള്‍ക്കായി പ്രകൃതിപഠനയാത്ര നടത്തി
1546435
Tuesday, April 29, 2025 1:55 AM IST
കോടാലി: കാടും പുഴയും അണക്കെട്ടും കണ്ട് കുട്ടികള്‍ക്കായി കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കോടാലി യൂണിറ്റ് സംഘടിപ്പിച്ച പ്രകൃതി പഠനയാത്ര പങ്കെടുത്തവർക്കെല്ലാം വേറിട്ട അനുഭവമായി. കോടാലിയില്‍ നടന്ന കളിയരങ്ങ് ബാലവേദി ക്യാമ്പിന്റെ ഭാഗമായിരുന്നു ചിമ്മിനി വനമേഖലയിലേക്കു നടത്തിയ പഠനയാത്ര.
കോടാലിയില്‍നിന്ന് പുറപ്പെട്ട് വെള്ളാരംപാടത്തെത്തി കുറുമാലിപുഴ മുറിച്ചുകടന്നാണു കുട്ടികള്‍ ചിമ്മിനി ഡാമിലെത്തിയത്. കുറുമാലിയില്‍ വന്നു ചേരുന്ന പിള്ളത്തോടും മുപ്ലിപ്പുഴയും കുട്ടികള്‍ നേരില്‍കണ്ടു. ഉച്ചയോടെ ചിമ്മിനിയില്‍ എത്തിയ കുട്ടികള്‍ക്ക് പുഴയുടെ ഉത്ഭവം മുതലുള്ള കാര്യങ്ങള്‍ വനപാലകരും ക്യാമ്പിനു നേതൃത്വം നല്കിയവരും വിവരിച്ചുനല്‍കി. പൊന്മുടിയില്നിന്ന് വടക്കോട്ട് ഒഴുകിയെത്തുന്ന വെള്ളം മണലിപ്പുഴയായും പീച്ചി അണക്കെട്ടായും തെക്കോട്ട് ഒഴുകുന്ന വെള്ളം കുറുമാലിപ്പുഴയായും ചിമ്മിണി അണക്കെട്ടായും മാറുന്നതെങ്ങനെയെന്ന് കുട്ടികള്‍ മനസിലാക്കി.
ചിമ്മിനിക്കാടുകളിലെ പക്ഷിജാലങ്ങളെക്കുറിച്ചും വന്യജീവികളെക്കുറിച്ചും ക്യാമ്പംഗങ്ങള്‍ ചോദിച്ചറിഞ്ഞു. ചിമ്മിനി അണക്കെട്ടിനെക്കുറിച്ചുള്ള വിവരശേഖരണവും കുട്ടികള്‍ നടത്തി. ഇന്ദ്രജിത്ത് കാര്യാട്ട്, കെ.കെ. അനീഷ്കുമാര്‍, ഐ.ആര്. ബാലകൃഷ്ണന്, എം.കെ. വിജയന്, കെ.ആര്. സന്തോഷ്, കാവ്യ, രാധിക എന്നിവര്‍ പഠനയാത്രക്കു നേതൃത്വം നല്കി.