സ്വർണക്കാവ് താലപ്പൊലി ഇന്ന്
1545983
Sunday, April 27, 2025 6:59 AM IST
പഴയന്നൂർ: നീർണമുക്ക് സ്വർണക്കാവ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി നീർണമുക്ക്, പടിഞ്ഞാറേക്കര ദേശങ്ങളുടെ നേതൃത്വത്തിൽ ഇന്ന് ആഘോഷിക്കും. ഇന്ന് താലപ്പൊലിക്ക് രാവിലെ ക്ഷേത്രത്തിൽ ഗണപതിഹോമം, നിറമാല, പ്രസാദ വിതരണം, നീർണമുക്ക് ദേശത്തിന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് മൂന്നുമണിക്ക് മൂന്ന് ആന പാണ്ടിമേളം എന്നിവയുടെ അകമ്പടിയോടെ വിളക്കുതാലം പടിക്കൽ നിന്ന് എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. ആമ്പാടി ബാലൻ തിടമ്പേന്തും.
പടിഞ്ഞാറേക്കര ദേശത്തിന്റെ നേതൃത്വത്തിൽ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് മൂന്ന് ആന, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ കാവിലേക്ക് എഴുന്നള്ളിപ്പും നടക്കും. നന്തിലത്ത് ഗോപാലകൃഷ്ണൻ തിടമ്പേറ്റും. പഞ്ചവാദ്യത്തിന് മായന്നൂർ രാജു പ്രാമാണ്യം വഹിക്കും. വൈകീട്ട് 7.30ന് മേളത്തോടെ കാവുകയറ്റം, രാത്രി തായമ്പക എന്നിവയുണ്ടാകും.