നഗരസഭ തനതുഫണ്ടിൽനിന്നും വിധവാപെൻഷൻ നൽകാൻ തീരുമാനം
1545976
Sunday, April 27, 2025 6:59 AM IST
ചാലക്കുടി: മുടങ്ങിയ വിധവപെൻഷൻ നഗരസഭ തനതുഫണ്ടിൽ നിന്നും നൽകാനുള്ള കൗൺസിൽ തിരുമാനത്തിനെതിരെ നഗരസഭ സെക്രട്ടറിയുടെ വിയോജനക്കുറിപ്പ് അടിയന്തര കൗൺസിൽ അംഗീകരിച്ചില്ല. തനതുഫണ്ടിൽനിന്നുതന്നെ മുടങ്ങിയ പെൻഷൻതുക നൽകാൻ കൗൺസിൽ വീണ്ടും തീരുമാനിച്ചു.
പുനർവിവാഹിതയല്ല എന്ന സർട്ടിഫിക്കറ്റ് സമയപരിധിക്കുള്ളിൽ അപ് ലോഡ് ചെയ്യാത്തതിനാൽ ജനുവരി മാസത്തെ തടസപ്പെട്ട വിധവ, അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾക്കു നഗരസഭയുടെ തനതുഫണ്ടിൽ നിന്നും പെൻഷൻ തുക സമാശ്വാസ സഹായമായി നൽകാൻ 22 ന് നഗരസഭ കൗൺസിൽ ഐക്യകണ്ഠേന എടുത്ത തീരുമാനത്തിൽ സെക്രട്ടറിയുടെ വിയോജനം ഉണ്ടായ സാഹചര്യത്തിൽ ഇതു മറികടക്കാൻ ചേർന്ന അടിയന്തര കൗൺസിൽ യോ ഗത്തിലാണു നേരത്തെ എടുത്ത തീരുമാനം മാറ്റേണ്ടതില്ലെന്നും തനതുഫണ്ടിൽനിന്നും തുക നൽകാനും തീരുമാനിച്ചത്.
നഗരസഭയുടെ തനതുഫണ്ടിൽ നിന്നും പെൻഷൻ തുക നൽകാനുള്ള തീരുമാനം നിലവിൽ സാധാരണയായി എടുക്കുന്ന നടപടിയല്ലാത്തതിനാലും ബജറ്റിൽ ഇതിനാവശ്യ മായ വിഹിതം നേരത്തേ വകയിരുത്തിയിട്ടില്ലാത്തതിനാലും സെക്രട്ടറിയുടെ വിയോജനക്കുറിപ്പ് സ്വാഭാവികമാണെന്ന് ചെയർമാൻ കൗൺസിലിനെ അറിയിച്ചു.
പെൻഷൻ മുടങ്ങിയതു ഭരണസമിതിക്കുവന്ന വീഴ്ചയാണെന്നും കൗൺസിലർമാരുടെ ഓണറേറിയം എടുത്ത് പെൻഷൻ കൊടുക്കണമെന്നും തനതുഫണ്ടിൽനിന്നും തുക എടുക്കുന്നതിന് സർക്കാർ അനുമതി ലഭിക്കുമ്പോൾ തുക തിരിച്ചു നൽകാവുന്നതാണെന്നും പ്രതിപക്ഷ ലീഡർ സി.എസ്. സുരേഷും ബിജി സദാനന്ദൻ, വി.ജെ. ജോജി, ബിന്ദു ശശികുമാർ, കെ.എസ്. സുനോജ് എന്നിവരും അഭിപ്രായപ്പെട്ടു. തീരുമാനത്തിൽ പ്ര തിഷേധിച്ച് പ്രതിപക്ഷം ഇറങ്ങി പ്പോയി.
തടസപ്പെട്ട പെൻഷൻ തുക എത്രയും വേഗം ഗുണഭോക്താക്കൾക്ക് നൽകുകയാണ് കൗൺസിൽ ചെയ്യേണ്ടതെന്നും ഇതിന് അടിയന്തരമായ് തനതുഫണ്ടിൽ നിന്നും തുക നൽകണമെന്നും പെൻഷൻ മുടങ്ങിയ കാര്യത്തിൽ വീഴ്ചവരുത്തിയവർക്കെതിരെ പരിശോധിച്ച് നടപടി സ്വീകരിക്കാവുന്നതാണെന്നും യുഡി എഫ് ലീഡർ ബിജു എസ്. ചിറയത്ത്, എബി ജോർജ്, വി.ഒ. പൈലപ്പൻ, ആലീസ് ഷിബു, കെ.വി. പോൾ, എം.എം. അനിൽകുമാർ എന്നിവർ പറഞ്ഞു.
പെൻഷൻ തടസപ്പെട്ട വിഷയത്തിൽ ആരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിലും സർക്കാർ നിർദേശത്തിനനുസരിച്ച് നടപടി സ്വീകരിക്കുമെന്നും ചെയർമാൻ ഷിബു വാലപ്പൻ പറഞ്ഞു.