കളഞ്ഞു കിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി
1546128
Monday, April 28, 2025 1:16 AM IST
വടക്കാഞ്ചേരി: കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി മാതൃകയായി. ചെപ്പാറ ടൂറിസം കേന്ദ്രത്തിനു സമീപം സമരംനടത്തുന്ന പ്രവർത്തകരാണ് കരുതലിന്റെ കാവലാളുകളായത്. പാട്ടുരാക്കൽ അന്തിക്കാട് വീട്ടിൽ കെജെ ജിമ്മി - ലിബി ദമ്പതികളുടെ മകൾ ലിലിനാണ് ഒരു പവൻ തൂക്കമുള്ള സ്വർണമാല തിരികെ ലഭിച്ചത്.
കഴിഞ്ഞ 22ന് കുടുംബത്തോടൊപ്പം ചെപ്പാറയിൽ എത്തിയ കുട്ടിയുടെ മാല നഷ്ടപ്പെട്ടിരുന്നു. തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം പ്രദേശത്ത് സമരം നടത്തുന്ന പ്രവർത്തകരാണ് മാല കണ്ടെത്തിയത്. സമരാംഗമായ ഹരിതസേനാംഗം തെക്കുംകര സ്വദേശി പാലിശേരി വീട്ടിൽ സരിതാരാജേഷാണ് മാല കണ്ടെത്തിയത്.
തുടർന്ന് നേതാക്കളെ ഏൽപിച്ചു. സിപിഎം തെക്കുംകര വെസ്റ്റ് ലോക്കൽ സെക്രട്ടറി എൻജി സന്തോഷ് ബാബു, പഞ്ചായത്ത് പ്രസിഡന്റ് ടിവി സുനിൽകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ അന്വേഷിച്ചാണ് ഉടമയെ തിരിച്ചറിഞ്ഞത്. തുടർന്ന് കുടുംബത്തോടൊപ്പം ചെപ്പാറയിൽ എത്തിയ കുട്ടിക്ക് സമരപ്പന്തലിൽവച്ചുതന്നെ ആഭരണം ഹരിത കർമസേനാംഗം സരിത രാജേഷ് കൈമാറി.