ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആത്മപ്രണാമം
1545977
Sunday, April 27, 2025 6:59 AM IST
ചാലക്കുടി: ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആത്മപ്രണാമം അർപ്പിച്ച് ചാലക്കുടിയിൽ മൗനജാഥയും അനുസ്മരണവും നടത്തി. ചാലക്കുടി സെന്റ് മേരീസ് ദേവാലയത്തിന്റെയും നഗരസഭയുടെയും പൗരാവലിയുടെയും നേതൃത്വത്തിൽ നടത്തിയ മൗനജാഥയിൽ വൻജനാവലി പങ്കെടുത്തു. ദേവാലയത്തിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി നടത്തിയ അനുസ്മരണ സമൂഹബലിക്കുശേഷം മൗനജാഥ ആരംഭിച്ചു.
ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, വികാരി ഫാ. വർഗീസ് പാത്താടൻ, മുൻ ചെയർമാൻമാരായ എബി ജോർജ്, അഡ്വ. കെ.ബി. സുനിൽകുമാർ എന്നിവരും കെ.എ. ഉണ്ണികൃഷ്ണൻ, ജോയി മൂത്തേടൻ തുടങ്ങിയവരും നേതൃത്വം നൽകി. ടൗൺ ചുറ്റി നടത്തിയ മൗനജാഥ ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു.
തുടർന്ന് മാർപാപ്പയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്നുനടത്തിയ അനുസ്മരണ സമ്മേളനത്തിൽ ബിഷപ് മാർ പോളി കണ്ണൂക്കാടൻ, ബെന്നി ബെഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, ടൗൺ ഇമാം ഹുസൈൻ ബാഗവി, രഹ്ന ഗുരുദർശന, ഫാ. വർഗീസ് പാത്താടൻ, യു. എസ്. അജയ്കുമാർ, സുഭാഷ് ചന്ദ്രദാസ് എന്നിവർ പ്രസംഗിച്ചു. ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ച് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. മുൻഗുരുവായൂർ മേൽശാന്തി ശ്രീഹരി മൂർക്കന്നൂർ മാർപാപ്പയെ അനുസ്മരിച്ച് കീർത്തനം ആലപിച്ചു.
കൊടകരയില്‍ പാപ്പാ അനുസ്മരണം
കൊടകര: സെന്റ് ജോസഫ്സ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരണം നടത്തി. കൊടകര മേല്‍പ്പാലത്തിനുകീഴെ സംഘടിപ്പിച്ച അനുസ്മരണയോഗം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ജെയ്സന് കരിപ്പായി അധ്യക്ഷത വഹിച്ചു.
സനീഷ്കുമാര് ജോസഫ് എംഎല്‍എ, കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ്് കെ.ജി. രജീഷ്, അഴകത്ത്മനക്കല് ഹരി നമ്പൂതിരി, കൊടകര ജുമാമസ്ജിദ് ഇമാം അലി സഖാഫി, അസി. വികാരി ഫാ. ലിന്റോ കാരേക്കാടന്‍, സിസ്റ്റര്‍ ജ്യോതിസ്, സിസ്റ്റര്‍ അര്‍പ്പിത, ഇടവക ട്രസ്റ്റി ജോസ് മാത്യു ഊക്കന്‍, കണ്‍വീനര്‍ തോംസൺ തന്നാടന്‍ എന്നിവര്‍ പ്രസംഗിച്ചു.