പൂരം ഹിന്ദുമഹാസംഗമത്തിനു തുടക്കം
1546141
Monday, April 28, 2025 1:16 AM IST
തൃശൂർ: വിളംബരഘോഷയാത്രയോടെ തൃശൂർപൂരം ഹിന്ദുമഹാസംഗമത്തിനു തുടക്കമായി.
പാറമേക്കാവ് ക്ഷേത്രത്തിൽനിന്നു സന്യാസിമാരുടെയും തന്ത്രിമാരുടെയും സാമുദായിക സംഘടനാനേതാക്കളുടെയും നേതൃത്വത്തിൽ ആരംഭിച്ച ഘോഷയാത്ര ബംഗളുരു വിഭു ഫൗണ്ടേഷൻ അധ്യക്ഷൻ ശിവപ്രകാശാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.
ഘോഷയാത്രയ്ക്ക് സ്വാമി വിവിക്താനന്ദ, സ്വാമി നന്ദാത്മജാനന്ദ, സ്വാമി ബ്രഹ്മപരാനന്ദ, സ്വാമി അധ്യാത്മാനന്ദ സരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ, സ്വാമി സത്സ്വരൂപാനന്ദ, മഹാസംഗമം രക്ഷാധികാരികളായ ഡോ. എം.വി. നടേശൻ, യു. പുരുഷോത്തമൻ, എം. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവന്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
വിവിധ വാദ്യഘോഷങ്ങളുടെയും കലാരൂപങ്ങളുടെയും അകന്പടിയോടെ നടന്ന ഘോഷയാത്ര വടക്കുന്നാഥക്ഷേത്രം ശ്രീമൂലത്തെത്തി ശ്രീശങ്കരമണ്ഡപത്തിൽ ദർശനം നടത്തിയശേഷം തിരുവന്പാടി ക്ഷേത്രത്തിൽ സമാപിച്ചു.
ഹിന്ദുമഹാസംഗമത്തിന്റെ ഉദ്ഘാടനം ഇന്ന് ഇന്ത്യയുടെ അറ്റോർണി ജനറൽ അഡ്വ. ആർ. വെങ്കട്ടരമണി നിർവഹിക്കും. ഉച്ചയ്ക്കു 12നു നരനാരായണപൂജ. 2.30ന് യൂത്ത് പാർലമെന്റ്. പാഞ്ചജന്യം ഭാരതം ദേശീയ അധ്യക്ഷൻ ഡോ. ടി.പി. ശശികുമാർ നയിക്കുന്ന പരിപാടിയിൽ കേരളത്തിലെ രണ്ടു വൈസ് ചാൻസലർമാർ പങ്കെടുക്കും. തുടർന്ന് ആചാര്യസംഗമം ഉടുപ്പി പേജാവർ മഠാധിപതി സ്വാമി വിശ്വപ്രസന്നതീർത്ഥ ഉദ്ഘാടനം ചെയ്യും.
ശബരിമല മുൻ മേൽശാന്തി പി.എൻ. മഹേഷ് നന്പൂതിരിപ്പാടും ബ്രഹ്മമംഗലം മഠം സൂര്യനാരായണശർമയും പൂജകൾക്കു നേതൃത്വം നൽകും. സ്വാമി ചിദാനന്ദപുരി, സ്വാമി പ്രജ്ഞാനന്ദ, സ്വാമി വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി, സ്വാമി ബ്രഹ്മപാദാനന്ദ, സ്വാമി അദ്ധ്യാത്മാനന്ദ, സ്വാമിനി ജ്ഞാനാഭനിഷ്ട, സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സ്വാമി ആത്മലോകാനന്ദ, സ്വാമി അയ്യപ്പദാസ്, സ്വാമി ദേവചൈതന്യാനന്ദ സരസ്വതി എന്നിവർ പങ്കെടുക്കും.