പറക്കോട്ടുകാവ് താലപ്പൊലി മേയ് നാലിന് കൊടിയേറും
1546143
Monday, April 28, 2025 1:16 AM IST
തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലി മഹോത്സവത്തിന് ഞായറാഴ്ച കൊടിയേറും. രാത്രി എട്ടിന് പറക്കോട്ടുകാവിൽ കൊടിയേറ്റത്തിനുശേഷം മൂന്നു ദേശക്കമ്മിറ്റികൾ സംയുക്തമായി നടത്തുന്ന സാമ്പിൾ വെടിക്കെട്ടുണ്ടാകും.
എഴുന്നള്ളിപ്പുകൾ, നാടൻകലാപ്രകടനങ്ങൾ, വെടിക്കെട്ട് എന്നിവയ്ക്ക് പേരുകേട്ട ഉത്സവത്തിന് പങ്കാളികളായ പടിഞ്ഞാറ്റുമുറി, കിഴക്കുമുറി, പാമ്പാടി ദേശങ്ങളിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. താലപ്പൊലി കൊടിയേറുന്നതോടെ തട്ടകം ഉത്സവലഹരിയിലാകും. പിറ്റേന്നുമുതൽ ദേശങ്ങളിൽ പറയെടുപ്പ് ആരംഭിക്കും. പൂതൻ, തിറ, വെള്ളാട്ട്, നായാടികൾ തുടങ്ങിയ കലാരൂപങ്ങൾ ഉത്സവം അറിയിച്ച് വീടുകളിലെത്തും. മേടമാസത്തിലെ ഒടുവിലത്തെ ഞായറാഴ്ചയായ മേയ് 11നാണ് താലപ്പൊലി ആഘോഷം.
താലപ്പൊലിയോടനുബന്ധിച്ച് ഇന്നലെ പറക്കോട്ടുകാവിൽ കിഴക്കുമുറിദേശം ഒരുക്കിയ ലക്ഷദീപ സമർപ്പണം നടന്നു. സന്ധ്യക്ക് ദീപങ്ങൾ തെളിയിക്കാൻ ക്ഷേത്രസന്നിധിയിൽ നിരവധി ഭക്തരെത്തി. ചുറ്റുവിളക്ക്, നിറമാല, തായമ്പക, മേളം എന്നിവയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.