ആയിരത്തോളം ഇനം മാങ്ങകളുമായി മാങ്ങമേള നാളെയും മറ്റന്നാളും
1546008
Sunday, April 27, 2025 7:06 AM IST
തൃശൂർ: ആയിരത്തോളം ഇനം മാങ്ങകളുമായി ട്രിച്ചൂർ അഗ്രിഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ മാങ്ങമേള നാളെയും മറ്റന്നാളും ടൗൺ ഹാളിൽ നടക്കും.
നാട്ടിൽ അപൂർവമായി കാണുന്നതും പ്രചാരത്തിലുള്ളതുമായ മാങ്കോ ഐസ്ക്രീം, ഹൃദ്യ, തുരുവരമ്പ്, വിനോ മാജിക്, ആര്യ, ഡോൾഫിൻ, മാവേലി, പൊന്നൂസ് തുടങ്ങിയ മാങ്ങയിനങ്ങൾ പേരെഴുതി പ്രദർശിപ്പിക്കും. ലോകത്തിലെ വലിപ്പംകൂടിയ മാങ്ങയിനങ്ങളിൽ ഒന്നായ, എട്ടുകിലോ വരുന്ന മാങ്കോശ്രീയും മേളയിലുണ്ടാകും. മികച്ചയിനം മാവിൻതൈകളുടെയും മാങ്ങ ഉത്പന്നങ്ങളുടെയും പ്രദർശനവും വില്പനയും നടക്കും.
ശാസ്ത്രീയമായ മാവുകൃഷിയെക്കുറിച്ച് സെമിനാറുകളും പരിപാലനത്തെക്കുറിച്ചുള്ള നിർദേശങ്ങളും സംശയങ്ങൾക്കു മറുപടിയുമായി മാങ്കോ ക്ലിനിക്കും സംഘടിപ്പിച്ചിട്ടുണ്ട്. വീട്ടിലുണ്ടാകുന്ന മാങ്ങകൾ മത്സരാടിസ്ഥാനത്തിൽ പ്രദർശിപ്പിക്കാൻ വ്യക്തികൾക്ക് അവസരമുണ്ട്.
കൃഷിവകുപ്പ്, കാർഷിക സർവകലാശാല, ഇൻഡിജിനസ് മാങ്കോ ട്രീ കൺസർവേഷൻ പ്രോജക്ട്, ഡിടിപിസി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാങ്ങമേള നാളെ രാവിലെ പത്തിനു മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. ചിത്രരചനാമത്സരവും വ്യക്തികൾക്കുള്ള മാങ്ങ പ്രദർശനമത്സരവും രാവിലെയാണ്. ഉച്ചതിരിഞ്ഞു രണ്ടിന് സെമിനാർ. ഭക്ഷ്യവിഭവങ്ങളുടെ പാചകമത്സരം മറ്റന്നാൾ രാവിലെ 11ന്. മേളയുടെ സമാപനം വൈകീട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രാജൻ ജെ.പല്ലൻ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ട്രിച്ചൂർ അഗ്രിഹോർട്ടികൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് അഡ്വ. രഘു കെ. മാരാത്ത്, ടി.ആർ. സഖിൽ, സെക്രട്ടറി അനിൽ പൊറ്റെക്കാട്ട്, ട്രഷറർ അഡ്വ. ഷോബി ടി. വർഗീസ്, വൈസ് പ്രസിഡന്റ് വിനോജ് കുറുവത്ത് എന്നിവർ പങ്കെടുത്തു.