ബുദ്ധിയുണ്ടെങ്കിൽ സർക്കാർ ആശാസമരം അവസാനിപ്പിക്കണം: സാറാ ജോസഫ്
1546423
Tuesday, April 29, 2025 1:55 AM IST
തൃശൂർ: ബുദ്ധിയുണ്ടെങ്കിൽ ആശമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ തയാറാവണമെന്നും മർക്കടമുഷ്ടി ഒഴിവാക്കണമെന്നും സാറാ ജോസഫ്.
അടിസ്ഥാനപരമായി ദരിദ്രരായിരിക്കുകയും ദളിതരായിരിക്കുകയും സ്ത്രീകളായിരിക്കുകയും ചെയ്യുന്നവരുടെ സമരം ദുരഭിമാനത്തിന്റെ പ്രശ്നമായാണു സർക്കാർ കാണുന്നത്. ഇതിനെ അനാവശ്യസമരമെന്നുപറഞ്ഞു നിസാരവത്കരിക്കുന്ന ഇടതുപക്ഷസർക്കാർ ഏതാണ് ആവശ്യസമരമെന്നു വ്യക്തമാക്കണം. ജനങ്ങളുടെ ന്യായമായ പ്രശ്നത്തിൽ ഇടപെടാൻ സർക്കാരിനു കഴിയണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധിക്കാരവും അഹങ്കാരവും അവസാനിപ്പിക്കാൻ ഓരോരുത്തരും ഉണർന്നുപ്രവർത്തിക്കണമെന്നും സാറാ ജോസഫ് പറഞ്ഞു. ആശമാരോടുള്ള സർക്കാർനിഷേധം തുടരുന്ന സാഹചര്യത്തിൽ പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമെന്ന നിലയിൽ സിവിൽ സമൂഹത്തിന്റെ 1,000 രൂപയുടെ ഓണറേറിയം ആശമാർക്കു കൈമാറുമെന്നും സർക്കാർതുക ലഭ്യമാകുംവരെ ഇതു തുടരുമെന്നും അവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
സിവിൽ സൊസൈറ്റി വിത്ത് ആശാ വർക്കേഴ്സ് അറ്റ് തൃശൂരിന്റെ നേതൃത്വത്തിൽ മേയ് ഒന്നിനു വൈകീട്ട് നാലിനു പബ്ലിക് ലൈബ്രറി പരിസരത്തുനടക്കുന്ന ചടങ്ങിൽ ആശമാർക്കുള്ള സിവിൽ സമൂഹത്തിന്റെ ഓണറേറിയം പ്രഖ്യാപനവും വിതരണവും നടക്കും. ഇതൊരു സമ്മർദതന്ത്രമാണെന്നും സമാനചിന്താഗതിക്കാർവഴി മറ്റു ജില്ലകളിലും നടപ്പാക്കാനാണു ശ്രമമെന്നും ഭാരവാഹികൾ പറഞ്ഞു.
എം.പി. സുരേന്ദ്രൻ, കെ. അരവിന്ദാക്ഷൻ, ഡോ. കെ. ഗോപിനാഥൻ, പ്രഫ. കുസുമം ജോസഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.