കേബിൾ കാലിൽ കുരുങ്ങി വഴിയാത്രക്കാർ വീഴുന്നു
1546134
Monday, April 28, 2025 1:16 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവൃത്തികൾ നടക്കുന്ന കൊരട്ടിയിൽ സ്വകാര്യ കമ്പനികളുടെ കേബിളുകൾ കാലിൽ കുരുങ്ങി വഴിയാത്രക്കാർ വീഴുന്നതായി പരാതി. ചാലക്കുടി ഭാഗത്തേക്കു പോകുന്ന ബസ് സ്റ്റോപ്പിനു സമീപം സർവീസ് സഹകരണ ബാങ്ക് പരിസരങ്ങളിലാണു കേബിൾ നീണ്ടുകിടക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച കെഎസ്ഇബി കൊരട്ടി ജംഗ്ഷനിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. കെഎസ്ഇബി പോസ്റ്റിലൂടെ സ്വകാര്യകമ്പനികൾ ഇന്റിർനെറ്റിനും മറ്റുമായി വലിച്ചിരുന്ന കേബിളുകളാണ് റോഡിൽ അലക്ഷ്യമായി ചിതറിക്കിടക്കുന്നത്. ഒട്ടേറെ വാണിജ്യ സ്ഥാപനങ്ങളും മറ്റും സ്ഥിതിചെയ്യുന്ന ഇവിടെ ദിവസവും നിരവധി പേരാണ് എത്തിച്ചേരുന്നത്. വിവിധ ആവശ്യങ്ങൾക്കായി വാഹനങ്ങളിലും കാൽനടയായും ഒട്ടേറെപേർ ഇതിലൂടെ കടന്നുപോകുന്നുണ്ട്. കേബിളിൽ കുരുങ്ങി വഴിയാത്രക്കാർ വീഴുന്ന കാര്യം ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയിയെടുക്കുന്നില്ലെന്നു പരാതിയുണ്ട്. രണ്ടു ദിവസമായിട്ടും നിസംഗതയിലാണ് സ്വകാര്യ കമ്പനി.
രാത്രിയിലെ വെളിച്ചക്കുറവും അപകടത്തിന് ആക്കം കൂട്ടുമെന്നാണ് പ്രദേശത്തെ കച്ചവടക്കാർ പറയുന്നത്. ഇന്നലെ ഉച്ചയ്ക്കുശേഷം കേബിളിൽ തട്ടി ഒരു വയോധികൻ വീണതായും ഉടൻ കൊരട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായും പറയുന്നു. കേബിളിൽ കുരുങ്ങി ജനങ്ങളുടെ ജീവനു ഭീഷണി ഉയർന്നിട്ടും നടപടി സ്വീകരിക്കുന്നില്ലെങ്കിൽ വൈദ്യുതി പോസ്റ്റിലൂടെ കേബിൾ കൊണ്ടുപോകാൻ അനുവദിക്കരുതെന്നും കെഎസ്ഇബി അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.