മുനയ്ക്കക്കടവ് അഴിമുഖത്ത് അനധികൃത മണലെടുപ്പ്: തീരവാസികൾ പ്രക്ഷോഭത്തിന്
1545991
Sunday, April 27, 2025 6:59 AM IST
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ഒൻപതാം വാർഡ് അഴിമുഖം തീരദേശ പോലീസ് സ്റ്റേഷന് വടക്കുഭാഗത്തുനിന്ന് ചേറ്റുവ പുഴയുടെ തീരത്തിനോടുചേർന്ന് അനധികൃതമായി സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ മണലെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇത് തടയാനായി ലേബർ യൂണിയൻ കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രക്ഷോഭത്തിന്.
ഈ പ്രദേശത്തുനിന്ന് മണൽ എടുക്കുമ്പോൾ പുഴയുടെ തീരം ഇടിയുകയും ഉപ്പുവെള്ളം കയറുമെന്നും നാട്ടുകാർ പറയുന്നു. ജനങ്ങൾക്ക് ദുരിതം തീർക്കുന്ന മണലെടുപ്പിൽനിന്ന് വ്യക്തികളെ തടയണമെന്നാണ് തീരവാസികളുടെ ആവശ്യം. വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.
മുമ്പ് ഈ പ്രദേശത്തുനിന്ന് മണലെടുക്കുവാനുള്ള നീക്കം മുനയ്ക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്റർ ലേബർ യൂണിയൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറെ അറിയിക്കുകയും കളക്ടർ മണൽ എടുക്കുന്നത് നിർത്തിവെക്കണമെന്ന് ഉത്തവ് നൽകിയിരുന്നു.
ഇത് നിലനിൽക്കേയാണ് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ അഴിമുഖം ചേറ്റുവ പുഴയുടെ തീരത്തുനിന്ന് അനധികൃതമായി മണൽ എടുക്കുന്നത്. ഇതിന് ബോട്ടുകളും യന്ത്രസാമഗ്രികളും എത്തി ക്കഴിഞ്ഞു.
തടയാൻ പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് മുനയ്ക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്റർ ലേബർ യൂണിയൻ കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.