അമലയിൽ ലോക ലബോറട്ടറി ദിനാചരണം
1546424
Tuesday, April 29, 2025 1:55 AM IST
അമലനഗർ: അമല മെഡിക്കൽ കോളജിൽ ലോക ലബോറട്ടറി ദിനാചരണം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ വെള്ളരിപ്രാവിനെ പറത്തി ഉദ്ഘാടനംചെയ്തു.
ലോകത്തിലെതന്നെ ഏറ്റവും മേന്മയേറിയ ഉപകരണങ്ങളാണ് അമല ആശുപത്രിയിലെ ലബോറട്ടറികളിൽ ഉപയോഗിക്കുന്നതെന്നും രോഗനിർണയത്തിൽ സുപ്രധാനപങ്കുവഹിക്കുന്ന അമലയിലെ 380 ടെസ്റ്റുകളും ഗുണമേന്മ ഉറപ്പുവരുത്തുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാന സംവിധാനമായ എൻഎബിഎൽ അക്രഡിറ്റേഷൻ അംഗീകാരം നേടിയിട്ടുള്ളതാണെന്നും ഡയറക്ടർ വ്യക്തമാക്കി. പ്രഗത്ഭരായ ഡോക്ടർമാരെയും ലബോറട്ടറി ടെക്നീഷ്യൻമാരെയും അനുമോദിച്ചു.
ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി, വൈസ് പ്രിൻസിപ്പൽ ഡോ. ലോലദാസ്, ലാബ് ഡയറക്ടർ ഡോ. റീന ജോൺ, ബയോകെമിസ്ട്രി വിഭാഗം മേധാവി ഡോ. ജോസ് ജേക്കബ്, പത്തോളജി വിഭാഗം മേധാവി ഡോ. എം.സി. സാവിത്രി എന്നിവർ സന്ദേശം നൽകി. ഡോ. നിധിൻ പോൾ, വി.പി. പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ലാബ് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമടക്കം 59 പേർ രക്തദാനം നടത്തി.
നാലു ദിവസങ്ങളിലായി നടന്ന ലബോറട്ടറി ദിനാചരണത്തിൽ ലാബ് സേവനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള റീൽസ് മത്സരങ്ങൾ, ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള ഫുഡ് ഫെസ്റ്റ്, എംബിബിഎസ് വിദ്യാർഥികൾക്കായുള്ള സ്കിൽ ലാബ് പരിശീലനം, ഓട്ടിസം ബാധിച്ചവരെ സന്ദർശിക്കൽ, ലാബ് ജീവനക്കാർക്കായുള്ള സൗഹൃദ ഉച്ചഭക്ഷണം എന്നിവയുണ്ടായിരുന്നു.