എകെടിഎ ജില്ലാ സമ്മേളനം നടത്തി
1546129
Monday, April 28, 2025 1:16 AM IST
അരിമ്പൂർ: കേരളത്തിലെ തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ അയ്യായിരം രൂപയാക്കി വർധിപ്പിക്കണമെന്നും സീനിയോറിറ്റി പെൻഷൻ അനുവദിക്കണമെന്നും ഒാൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ (എകെടിഎ) തൃശൂർ ജില്ലാ 25-ാം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
അരിമ്പൂരിൽ നടന്ന ജില്ലാ സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. തയ്യൽ തൊഴിലാളികളുടെ ക്ഷേമത്തിനായി കേരളത്തിൽ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചത് എകെടിഎ എന്ന സംഘടനക്ക് കിട്ടിയ വലിയ അംഗീകാരമാണെന്ന് മന്ത്രി പറഞ്ഞു. സാധാരണക്കാരായ തയ്യൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കുകയും അത് പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സംഘടനയാണ് എകെടിഎ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
എകെടിഎ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു അധ്യക്ഷത വഹിച്ചു.
കുന്നത്തങ്ങാടിയിൽ നിന്ന് അരിമ്പൂരിലേക്ക് നടന്ന പ്രകടനത്തിൽ നൂറു കണക്കിന് തയ്യൽ തൊഴിലാളികളാണ് പങ്കെടുത്തത്. ജില്ലാ നേതാക്കളായ ജോസ് തേറാട്ടിൽ, കെ.എ. ജോയ്, പീതാംബരൻ ഇയ്യാനി, ഷൈല ജോയ് എന്നിവർ നേതൃത്വം നൽകി. സമ്മേളന വേദിക്ക് സമീപം ജില്ലാ പ്രസിഡന്റ് അബ്ദുൾ ഖാദർ എടവിലങ്ങ് പതാക ഉയർത്തി.
ജില്ലാ സെക്രട്ടറി എം.കെ.പ്രകാശൻ, ട്രഷറർ പി.എം. പുഷ്പകുമാരി, സംസ്ഥാന സെക്രട്ടറി ജി.സജീവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.ഷാജി, അമ്മിണി കുമാരൻ, ജലജ അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.