റോഡ് സുരക്ഷയ്ക്കായി സ്ഥാപിച്ച മതിൽപൊളിച്ച് സ്വകാര്യവ്യക്തി
1546429
Tuesday, April 29, 2025 1:55 AM IST
വടക്കാഞ്ചേരി: റോഡ് സുരക്ഷയ് ക്കായി സ്ഥാപിച്ച മതിൽ സ്വകാര്യവ്യക്തി പൊളിച്ചുനീക്കി. വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി പൊതുമരാമത്ത് ബ്രിഡ് ജസ് വിഭാഗം. ഞായറാഴ്ചയുടെ മറവിലാണ് ജെസിബി ഉപയോഗിച്ച് മതിൽ പൊളിച്ചുനീക്കിയത്. പ്രതിഷേധം ശക്തം.
വടക്കാഞ്ചേരി റെയിൽവേ ഓവർ ബ്രിഡ്ജിനോടുചേർന്നുള്ള മതിലാണ് സ്വകാര്യവ്യക്തി കെട്ടിടം പണിയുന്നതിന്റെ ഭാഗമായി അനധികൃതമായി പൊളിച്ചുനീക്കിയത്. വടക്കാഞ്ചേരി ഫൊറോന പള്ളിക്കു സമീപമുള്ള കോൺക്രീറ്റ് മതിലിന്റെ ഏഴുമീറ്ററോളം ഭാഗമാണ് ഞായറാഴ്ച ജെസിബി ഉപയോഗിച്ച് പൊളിച്ചു മാറ്റിയത്.
സംഭവത്തിൽ വടക്കാഞ്ചേരി പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗം എഇഇ വടക്കാഞ്ചേ രി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
സ്ഥിരം അപകടമേഖലയായ വടക്കാഞ്ചേരി റെയിൽവേ ഓവർ ബ്രിഡ്ജ് ഭാഗത്ത് സുരക്ഷാകവചമായി തീർത്തിരുന്ന കോൺക്രീറ്റ് മതിലാണ് സ്വകാര്യ വ്യക്തി അനുമതിയില്ലാതെ പൊളിച്ചു നീക്കിയത്.
മതിൽ പൊളിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ പൊതുമരാമത്തുവകുപ്പിനു നൽകിയിരുന്നു. റോഡ് സുരക്ഷാ അഥോറിറ്റിക്ക് ഇതുസംബന്ധിച്ച അപേക്ഷ കൈമാറിയിരുന്നു. എന്നാൽ അനുമതി ലഭിക്കുന്നതിനു മുൻപേ സ്വകാര്യവ്യക്തി മതിൽ പൊളിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
സംഭവം വിവാദമായതോടെ പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. പുതിയതായി നിർമിക്കുന്ന കേട്ടിടത്തിലേക്ക് വഴി ഒരുക്കുന്നതിനാണ് മതിൽ പൊളിച്ചുനീക്കിയത്.
എന്നാൽ നഗരസഭാ സെക്രട്ടറി തങ്ങൾക്ക് 14 മീറ്റർ ദൂരം മതിൽ പൊളിക്കാൻ അനുമതിപത്രം നൽകിയിട്ടുണ്ടെന്നു കെട്ടിട ഉടമ പറഞ്ഞു.