പറയൻതോട് പാലം: അപ്രോച്ച്റോഡ് ടാറിംഗ് പൂർത്തിയായി
1546135
Monday, April 28, 2025 1:16 AM IST
ചാലക്കുടി: പറയൻതോട് പാലത്തിന്റെ അപ്രോച്ച് റോഡ് ടാറിംഗ് പൂർത്തിയായി, യാത്രാദുരിതം തീരുന്നു. പുതിയപാലത്തിന്റെ നിർമാണം പൂർത്തിയായി രണ്ടുവർഷത്തോളമായിട്ടും ഇരുഭാഗത്തേയും അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ യാത്രാക്ലേശം ഏറെ അനുഭവിച്ചിരുന്ന തച്ചുടപറമ്പ് - റെയിൽവേ സ്റ്റേഷൻ റോഡിലെ അപ്രോച്ച് റോഡിന്റെ ടാറിംഗ് ഉൾപ്പടെയുള്ള പ്രവൃത്തികൾ പൂർത്തിയായി.
1957 ൽ നിർമിച്ച പഴയ പറയൻതോട് പാലം ജീർണാവസ്ഥയിലായതിനെത്തുടർന്ന് 50 ലക്ഷം രൂപ ചെലവുചെയ്ത് രണ്ടുവർഷം മുമ്പാണു നിർമാണം പൂർത്തിയാക്കിയത്. പാലം നിർമാണം പൂർത്തിയായെങ്കിലും ഇരുഭാഗത്തേക്കുമുള്ള അപ്രോച്ച് റോഡിന്റെ നിർമാണത്തിനുള്ള തുക എസ്റ്റിമേറ്റിൽ തികയാതെ വന്നതിനാൽ താത്കാലികമായി വാഹനം കടത്തിവിടുന്നതിനുള്ള പ്രവൃത്തി കരാറുകാരനെക്കൊണ്ട് പ്രത്യേകമായി ചെയ്യിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്നാണു മൂന്നുബസുകൾ സർവീസ് നടത്തുന്ന ഇതുവഴി വാഹനങ്ങൾ കടത്തിവിടാൻ സാധിച്ചത്.
എസ്റ്റിമേറ്റിൽനിന്നും അധികമായി ചെയ്ത പ്രവൃത്തിയുടെ പണം, സാങ്കേതിക തടസങ്ങൾ പറഞ്ഞ് കരാറുകാരനു നാളിതുവരെ കൊടുക്കാൻ കഴിഞ്ഞിട്ടില്ല. മൂന്നുമാസം കൊണ്ട് ആദ്യഘട്ടം പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയെങ്കിലും ട്രഷറി നിയന്ത്രണവും മറ്റുംമൂലം ഒന്നര വർഷത്തിനുശേഷമാണ് കരാറുകാരനു പണം ലഭിച്ചത്.
അധികമായി ചെയ്ത പ്രവൃത്തിയുടെ ഫണ്ട് നൽകുന്ന കാര്യത്തിൽ തീരുമാനമാകാത്തിനാൽ തുടർന്നുള്ള ടാറിംഗ് പ്രവൃത്തി ഏറ്റെടുത്ത് ചെയ്യാൻ കരാറുകാരും തയാറായിരുന്നില്ല. യാത്രാദുരിതം വർധിച്ചുവരുന്ന സാഹചര്യത്തിൽ നിർബന്ധപൂർവം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ കരാറുകാരൻ ടാറിംഗ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. ഇരുഭാഗത്തേയും കോൺക്രീറ്റ് വർക്കുകൾകൂടി അടുത്ത ദിവസം പൂർത്തിയാക്കുമെന്ന് നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അറിയിച്ചു.