സ്വകാര്യമില്ലുകളുടെ വിലപേശൽ; നെല്ലുസംഭരണം പ്രതിസന്ധിയിൽ
1545978
Sunday, April 27, 2025 6:59 AM IST
അന്നമനട: അന്നമനട മേഖലയിൽ നെല്ലുസംഭരണം പ്രതിസന്ധിയിൽ. സ്വകാര്യമില്ലുകളുടെ അനാവശ്യ വിലപേശലാണു കാരണം. ഒരു ക്വിന്റല്‍ നെല്ലിന് ഏഴു കിലോ കിഴിവുകൊടുക്കണമെന്ന ആവശ്യമാണ് സ്വകാര്യ മില്ലുകൾ മുന്നോട്ടുവയ്ക്കുന്നതെന്നാണ് കർഷകർ പറയുന്നത്. കാലം തെറ്റിയെത്തുന്ന കാലാവസ്ഥയെയും പൊള്ളുന്ന വെയിലിനെയും അവഗണിച്ച് പകലന്തിയോളം കഠിനാധ്വാനം ചെയ്യുന്ന കർഷകരെ കനത്ത സാമ്പത്തിക ബാധ്യതയിലേക്കു തള്ളിവിടുന്ന നിലപാടാണ് സ്വകാര്യമില്ലുകൾ സ്വീകരിക്കുന്നതെന്നാണ് പരാതി.
അന്നമനട, മേലഡൂര്, കുമ്പിടി, കീഴഡൂര്‍, എടയാറ്റൂര്‍ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലാണു നിലവിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. നാടിനെ അന്നമൂട്ടുന്നവരോട് സ്വകാര്യ മില്ലുകൾ പുലർത്തുന്ന നിഷേധാത്മകത നിലപാടിനെതിരെ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് പൊതുവികാരം. പാലക്കാട്, വടക്കാഞ്ചേരി മേഖലകളിലെ സ്വകാര്യ മില്ലുകള്ക്കാണു നെല്ല് ഏറ്റെടുക്കാനുള്ള ചുമതല. ഇവരുടെ പ്രതിനിധികളെത്തി നെല്ലിന് ഉണക്ക് കുറവും പതിര് കൂടുതലാണെന്നും ചൂണ്ടിക്കാട്ടിയാണ് കിഴിവ് ആവശ്യപ്പെട്ടത്.
ക്വിന്റലിന് 2820 രൂപ നിരക്കില്‍ ഏറ്റെടുക്കുന്ന നെല്ലില്‍നിന്ന് ഏഴുകിലോ കിഴിവ് നല്കുമ്പോള് 200 രൂപയോളം കര്‍ഷകര്‍ നഷ്ടം സഹിക്കേണ്ട സ്ഥിതിയാണെന്ന് കര്‍ഷക സംഘം മേഖല സെക്രട്ടറി പി.കെ. മോഹനന് പറഞ്ഞു. ഉണക്കി പതിര് നീക്കം ചെയ്തശേഷമാണു നെല്ല് സംഭരണത്തിനു തയാറാക്കുന്നതെെന്നും മില്ലുടമകളുടെ വാദം ശരിയല്ലെന്നും സെക്രട്ടറി പറഞ്ഞു.
നെൽകൃഷിയെ പ്രോത്സാഹിപ്പിക്കാനും തരിശിടം കൃഷിയോഗ്യമാക്കാനും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾ ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച് ഉത്പാദിപ്പിച്ചെടുക്കുന്ന വിളവിന് അർഹമായ വില നൽകി സംഭരിക്കാൻ നടപടി സ്വീകരിക്കണമെന്നും സ്വകാര്യമില്ലുടമകൾ അനാവശ്യ വിലപേശലുകൾ ഒഴിവാക്കണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ രണ്ടു മാസങ്ങളിലായി വിളവെടുത്ത ടൺകണക്കിന് നെല്ല് ആഴ്ചകളായി തുറസായ വീടുകളുടെ മുറ്റത്തും കൂട്ടിയിട്ടിരിക്കുകയാണ്. പഞ്ചായത്തിലെ ഇരുന്നൂറോളം കർഷകരാണു വിപണി കണ്ടെത്താനാകാതെ ദുരിതം നേരിടുന്നത്.