പൂരം കൊടിയേറ്റം നാളെ
1546421
Tuesday, April 29, 2025 1:55 AM IST
തൃശൂർ: ഒരാണ്ടിന്റെ കാത്തിരിപ്പ് ഒരാഴ്ചയിലേക്കു ചുരുക്കിക്കൊണ്ട് നാളെ തൃശൂർ പൂരം കൊടിയേറും. പൂരത്തിന്റെ പ്രധാന പങ്കാളികളായ പാറമേക്കാവിലും തിരുവമ്പാടിയിലും എട്ടു ഘടകക്ഷേത്രങ്ങളിലും നാളെ പൂരം കൊടിയേറും.
തിരുവമ്പാടി ക്ഷേത്രത്തിൽ നാളെ രാവിലെ 11നും 11.30 നും ഇടയിലാണ് കൊടിയേറ്റം. കൊടിയേറ്റത്തിനു മുന്നോടിയായി ഇന്നു നടക്കുന്ന പ്രത്യേക പൂജകൾക്കു തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാട്, മേൽശാന്തിമാരായ പൊഴിച്ചൂർ ദിനേശൻ നമ്പൂതിരി, വടക്കേടത്ത് കപ്ലിങ്ങാട് പ്രദീപ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.
നാളെ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ ആശാരിഗൃഹത്തിൽ സുന്ദരൻ, സുഷിത്ത് എന്നിവർ അടയ്ക്കാമരം ചെത്തിമിനുക്കി കൊടിമരം നിർമിച്ചശേഷം കൊടിമരം സ്ഥാപിക്കേണ്ട സ്ഥലത്തു ഭൂമിപൂജ നടത്തും. തുടർന്ന് 11നും 11. 30നും ഇടയിൽ ശ്രീകോവിലിൽ പൂജിച്ച കൊടിക്കൂറ നാട്ടുകാർ ചേർന്നു കൊടിമരത്തിൽ കെട്ടി കൊടിമരം ഉയർത്തുന്നതോടെ പൂരം കൊടിയേറും.
വൈകീട്ട് മൂന്നിനുള്ള എഴുന്നള്ളിപ്പിനു തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. 3.30 ന് എഴുന്നള്ളിപ്പ് നായ്ക്കനാലിൽ എത്തുന്നതോടെ നടുവിലാലിലും നായ്ക്കനാലിലും പൂരപ്പതാകകൾ ഉയരും. ആചാര വെടികളും മുഴങ്ങും. തുടർന്നു ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ചശേഷം നടുവിൽമഠത്തിലെത്തി ആറാട്ടുകഴിഞ്ഞു ഭഗവതി വൈകീട്ട് അഞ്ചുമണിയോടെ ക്ഷേത്രത്തിലേക്കുതിരിച്ചെഴുന്നള്ളും
പാറമേക്കാവ് ക്ഷേത്രത്തിൽ നാളെ ഉച്ചയ്ക്ക് 12നു വലിയപാണിയോടെ കൊടിയേറ്റുചടങ്ങുകൾ തുടങ്ങും. വലിയപാണിക്കുശേഷം പുറത്തേക്കെഴുന്നള്ളുന്ന ഭഗവതിയെ സാക്ഷിനിർത്തി ദേശക്കാർ കൊടിയുയർത്തും. ചെമ്പിൽ കുട്ടനാശാരി നിർമിച്ച കവുങ്ങിൻകൊടിമരത്തിൽ ആല്, മാവ് എന്നിവയുടെ ഇലകളും ദര്ഭപ്പുല്ലുംകൊണ്ട് അലങ്കരിച്ചിരിക്കും. അതിൽ ക്ഷേത്രത്തിൽനിന്ന് കൊടുക്കുന്ന സിംഹമുദ്രയുള്ള കൊടിക്കൂറകെട്ടിയാണ് കൊടി ഉയർത്തുക.
പാണ്ടിമേളത്തിനുകിഴക്കൂട്ട് അനിയൻമാരാർ നേതൃത്വം നൽകും. അഞ്ചാനപ്പുറത്തുള്ള എഴുന്നള്ളിപ്പിനു പാറമേക്കാവ് കാശിനാഥൻ തിടമ്പേറ്റും. വടക്കുന്നാഥനിലെ ചന്ദ്രപുഷ്കര്ണയില് ആറാട്ടിനുശേഷം മേളത്തിന്റെ അകമ്പടിയോടെ ഭഗവതി ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നള്ളും. തുടർന്ന് വെടിക്കെട്ട് നടക്കും.
പൂരത്തിന്റെ പങ്കാളികളായ എട്ടു ഘടകക്ഷേത്രങ്ങളിലും നാളെ രാവിലെയും രാത്രിയുമായി കൊടിയേറ്റ് നടക്കും.