ദാരുബിംബ നിർമാണം പൂർത്തിയായി
1546127
Monday, April 28, 2025 1:16 AM IST
കുന്നംകുളം: മണക്കുളം രാജകുടുംബത്തിനന്റെയും പുന്നത്തൂർ രാജകുടുംബത്തിന്റെയും ഊരായ്മയിലുള്ള കുന്നംകുളം കക്കാട് ശ്രീ ചെറുവത്തൂർ മഹാദേവ ക്ഷേത്രത്തിൽ ഭദ്രകാളി പ്രതിഷ്ഠയ്ക്കായുള്ള ദാരുബിംബ നിർമാണം പൂർത്തിയായി.
ശാസ്ത്രവിധിപ്രകാരം ലക്ഷണമൊത്ത വരിക്കപ്ലാവിന്റെ ഒറ്റത്തടിയിലാണ് ദാരുബിംബം നിർമിച്ചത്. മൂന്നര അടി ഉയരത്തിലാണ് ദാരുബിംബം നിർമിച്ചിരിക്കുന്നത്. പ്രശസ്ത ദാരുശില്പി എളവള്ളി നന്ദൻ ആചാരിയാണ് ദാരുബിംബം നിർമിച്ചിരിക്കുന്നത്. അന്തരിച്ച പ്രശസ്ത ദാരുശിൽപ്പി എളവള്ളി നാരായണനാചാരിയുടെയും പാറുക്കുട്ടിയുടെയും മകനാണ് എളവള്ളി നന്ദൻ. നവീൻ, ആശമോൻ, പ്രസാദ്, നവ്യ നന്ദൻ എന്നിവർ ശില്പ നിർമാണത്തിൽ സഹായികളായി.
വാസ്തു ആചാര്യൻ കാണിപ്പയ്യൂർ കുട്ടൻ നമ്പൂതിരിപ്പാടാണ് കൈകണക്കുകൾ തയ്യാറാക്കിയത്. 30ന് കാലത്ത് 7.30 നും 9.30 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്രം പൂർവീക പാരമ്പര്യ ആചാര്യ പരമ്പരയായ മുണ്ടയൂർ ഇല്ലത്തെ തന്ത്രിമുഖ്യർ പ്രതിഷ്ഠ കർമം നിർവഹിക്കും.
നിർമാണ പ്രവൃത്തികൾക്ക് ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡന്റ്് വി.പി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി കെ.എ. അജീഷ്, ട്രഷറർ കെ.കെ. ജയചന്ദ്രൻ തുടങ്ങിയവർ നേതൃത്വംനൽകി.