സാന്പിൾ പൊരിക്കാൻ മാർക്കോ, എന്പുരാൻ, ബസൂക്ക...
1546420
Tuesday, April 29, 2025 1:55 AM IST
സ്വന്തം ലേഖകൻ
തൃശൂർ: മേയ് നാല് ഞായറാഴ്ചയാണ് സാന്പിൾ വെടിക്കെട്ട്. അതുകൊണ്ടുതന്നെ ഇത്തവണ പതിവിൽകവിഞ്ഞ തിരക്കായിരിക്കും. കൂടുതൽപേരെ റൗണ്ടിലേക്കു വെടിക്കെട്ടു കാണാൻ കയറ്റിനിർത്തുമെന്നു മന്ത്രിയും പോലീസുമൊക്കെ പറഞ്ഞിട്ടുള്ളതിനാലും തിരക്കേറും. ശബ്ദംകുറച്ച് വർണഭംഗി കൂട്ടിയാവും ഇത്തവണയും സാന്പിളും വെടിക്കെട്ടും.
തിരുവന്പാടി വിഭാഗമാണ് ഇത്തവണ വെടിക്കെട്ടിന് ആദ്യം തീകൊളുത്തുക. സൂപ്പർഹിറ്റ് സിനിമാപ്പേരുകളുമായാണ് ഇത്തവണയും ആകാശപ്പൂരത്തിനു തിരുവന്പാടിയും പാറമേക്കാവുമെത്തുന്നത്. ആകാശത്തു മിന്നൽപ്പിണരാകാൻ മാർക്കോ എത്തുന്പോൾ തിളങ്ങിവിടരാൻ എന്പുരാനും വർണംവിതറാൻ ബസൂക്ക അമിട്ടുകളും അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. പൊട്ടിവിടർന്നാൽ അതിവേഗം മിന്നിപ്പായുന്ന പൊൻമാൻ, കിളികൾ ചിലയ്ക്കുംപോലെ ശബ്ദംവരുന്ന പൈങ്കിളി എന്നിവയും കാഴ്ചക്കാരെ വിസ്മയിപ്പിക്കും. ഇവയ്ക്കൊപ്പം നിലയമിട്ടുകളും പതിവ് ഐറ്റങ്ങളുമുണ്ടാവും.
പാറമേക്കാവിനുവേണ്ടി ബിനോയ് ജേക്കബാണ് വെടിക്കെട്ടിന്റെ പ്രാമാണ്യം വഹിക്കുന്നത്. നെൻമാറ വേലയ്ക്കും കാവശേരി പൂരത്തിനുമൊക്കെ കരിമരുന്നിന്റെ ഇന്ദ്രജാലക്കാഴ്ചകളൊരുക്കി വെടിക്കെട്ടുപ്രേമികളെ ആവേശത്തിലാഴത്തിയ ബിനോയ് ജേക്കബിനു തൃശൂർ പൂരത്തിൽ ആദ്യമായാണ് വെടിക്കെട്ടൊരുക്കാൻ അവസരം കിട്ടുന്നത്.
മുണ്ടത്തിക്കോട് സതീഷ് തന്നെയാണ് തിരുവന്പാടിക്കായി വെടിക്കെട്ടൊരുക്കുന്നത്. കഴിഞ്ഞതവണ പൂരം ചരിത്രത്തിലാദ്യമായി തിരുവന്പാടിയുടെയും പാറമേക്കാവിന്റെയും വെടിക്കെട്ട് ലൈസൻസി സതീഷായിരുന്നു. ലൈസൻസ് കൊടുക്കുന്ന കാര്യത്തിലുണ്ടായ ചില സാങ്കേതികപ്രശ്നങ്ങളെതുടർന്നായിരുന്നു രണ്ടുകൂട്ടരുടെയും ലൈസൻസി ഒരാളായി പൂരം വെടിക്കെട്ട് ചരിത്രം കുറിച്ചത്.
വർഷങ്ങളായി തിരുവന്പാടിക്കുവേണ്ടി മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷ് വെടിക്കെട്ട് ലൈസൻസിയായിട്ടുണ്ട്. സതീഷിന്റെ അച്ഛൻ മണിപ്പാപ്പനും തിരുവന്പാടിയുടെ വെടിക്കെട്ടുകരാറെടുത്തിട്ടുണ്ട്.
പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ഫയർലൈൻ കുറച്ചുകൂടി ഉള്ളിലേക്കു നീക്കിക്കൊണ്ട് ഫയർലൈനും കാണികളും തമ്മിലുള്ള അകലം വർധിപ്പിച്ച് കൂടുതൽപേരെ വെടിക്കെട്ട് കാണാൻ റൗണ്ടിൽ കയറ്റിനിർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സാന്പിളും പ്രധാന വെടിക്കെട്ടും നടക്കുന്ന സമയത്ത് മാഗസിൻ ഒഴിച്ചിടുകയും ചെയ്യും.
തേക്കിൻകാട് മൈതാനിയിൽ സാന്പിൾ വെടിക്കെട്ടിനുള്ള കുഴികൾ കുഴിച്ചുതുടങ്ങി. മഴഭീഷണിയുള്ളതിനാൽ കുഴികൾ ടാർപോളിൻകൊണ്ട് മൂടിയിട്ടിരിക്കുകയാണ്.