നെഹ്റു പാർക്ക് പൂട്ടിയതിൽ കോണ്‍ഗ്രസ് പ്രതിഷേധം
1545987
Sunday, April 27, 2025 6:59 AM IST
തൃശൂർ: അപ്രഖ്യാപിതമായി നാലുദിവസമായി നെഹ്റു പാർക്ക് പൂട്ടിയിട്ടതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലർമാർ പാർക്കിനുമുന്നിൽ നടത്തിയ പ്രതിഷേധസമരം പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ഉദ്ഘാടനം ചെയ്തു. മാതാപിതാക്കളോടൊപ്പം പാർക്കിലെത്തിയ സൈറ (അന്തിക്കാട്), കീർത്തന (കുറ്റുമുക്ക്) എന്നീ കുട്ടികളെ കൈകളിൽ ഊഞ്ഞാലാട്ടിയായിരുന്നു സമരോദ്ഘാടനം.
നാലുദിവസംമുന്പുണ്ടായ കാറ്റിലും മഴയിലും പാർക്കിലെ രണ്ടു മരങ്ങൾ ഒടിഞ്ഞുവീണതു വെട്ടിമാറ്റി സുരക്ഷയോടെ പാർക്ക് തുറന്നുകൊടുക്കേണ്ടതിനുപകരം ഇത്രയും ദിവസം അടച്ചിട്ടതു കൊച്ചുകുട്ടികളോടുകാണിച്ച അനീതിയാണ്. വെക്കേഷൻ സമയമായതിനാലും പൂരം എക്സിബിഷൻ നടക്കുന്നതിനാലും കുട്ടികളുമായി മാതാപിതാക്കളടക്കം പതിനായിരക്കണക്കിനാളുകളാണു പാർക്കിൽ കയറാനാകാതെ നിരാശരായി മടങ്ങിയതെന്നും രാജൻ പല്ലൻ കുറ്റപ്പെടുത്തി.
പാർക്ക് പ്രവർത്തിക്കില്ലെന്ന ബോർഡ് കൗണ്‍സിലർമാർ അഴിച്ചുമാറ്റി. സുരക്ഷാസംവിധാനങ്ങളൊരുക്കി ഉച്ചയ്ക്കു പാർക്ക് തുറന്നുകൊടുത്തില്ലെങ്കിൽ മേയറുടെ ചേംബറിനുള്ളിൽ സമരം ചെയ്യുമെന്നു മുന്നറിയിപ്പുനൽകി.
ഇ.വി. സുനിൽരാജ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പൂവത്തിങ്കൽ, കൗണ്‍സിലർമാരായ ലാലി ജെയിംസ്, സിന്ധു ആന്റോ, വിനേഷ് തയ്യിൽ, എബി വർഗീസ്, സുനിത വിനു, അഡ്വ.വില്ലി, ആൻസി ജേക്കബ് എന്നിവർ പങ്കെടുത്തു.