ഹരിതവിപ്ലവംതീർത്ത് തണ്ടിലം പാടശേഖരം
1515208
Tuesday, February 18, 2025 1:28 AM IST
വേലൂർ: വേലൂർ പഞ്ചായത്തിലെ തണ്ടിലം പാടശേഖരത്തിൽ ഫാ. ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തിലാണ് ഹരിതവിപ്ലവം തീർത്തത്. തണ്ടിലം പ്രദേശത്തെ കൊയ്ത്തു കഴിഞ്ഞ രണ്ടര ഏക്കർ പാടശേഖരം നല്ലിടയൻ കർഷക കൂട്ടായ്മ ഏറ്റെടുത്തുകൊണ്ടാണ് ജൈവ പച്ചക്കറികളുടെ ഉത്പാദനത്തിന് തുടക്കം കുറിച്ചത്. വിഷുവിന് വിളവെടുക്കാ മെന്നതാണ് കർഷക കൂട്ടായ്മയുടെ ലക്ഷ്യം.
സംസ്ഥാനത്തെ കൊയ്ത്തുകഴിഞ്ഞ എല്ലാ പാടശേഖരങ്ങളിലും സംഘടനകളുടെയോ കൂട്ടായ്മകളുടെയോ നേതൃത്വത്തിൽ ഇടവിളയായി ജൈവ പച്ചക്കറി കൃഷി ചെയ്ത് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കാവുന്നതാണെന്ന് ഫാ. ഡേവിസ് ചിറമ്മൽ ഉദ്ഘാടന വേളയിൽ അഭിപ്രായപ്പെട്ടു.
തണ്ടിലം പാടശേഖരത്തുനടന്ന നല്ലിടയൻ കൂട്ടായ്മയുടെ വിത്തിന്റെ നടീൽ കർമം വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി ഉദ്ഘാടനം ചെയ്തു. ജൈവ പച്ചക്കറി കൃഷിക്ക് വരുന്ന ചെലവുകൾക്കു പഞ്ചായത്ത് തലത്തിൽ സബ്സിഡികൾ നൽകിക്കൊണ്ട് സാമ്പത്തിക സഹായം നൽകുമെന്നും കൊയ്ത്തുകഴിഞ്ഞ് തരിശായി കിടക്കുന്ന പാടശേഖരങ്ങൾ കൃഷിഭൂമിയായി മാറുന്നതു പൊതുസമൂഹത്തിനു മാതൃകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഫാ. ഡേവിസ് ചിറമൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പർ ഷേർലി ദിലീപ് കുമാർ, കൺവീനർമാരായ ജൂലി തമ്പി, പി.വി. ഔസേപ്പ്, സി.വി. റെന്നി, സിജോ ജോസ്, മികച്ച കർഷക അവാർഡ് ജേതാവ് ദിലീപ് കുമാർ, വത്സ ജോസ് എന്നിവർ നേതൃത്വം നൽകി.