തൃശൂർ നഗരത്തിൽ തീപിടിത്തം
1515201
Tuesday, February 18, 2025 1:28 AM IST
സ്വന്തം ലേഖകൻ
തൃശൂർ: നഗരത്തിൽ പ്ലംബിംഗ് സാമഗ്രികൾ വിൽക്കുന്ന കടയ്ക്കു തീപിടിച്ചു. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ജെയീസ് ഇലക്ട്രിക്കൽസ് ആൻഡ് സാനിറ്ററീസ് എന്ന കടയിലാണ് ഇന്നലെ രാവിലെ ഒന്‍പതുമണിയോടെ തീപിടിത്തമുണ്ടായത്.
നാലുനിലകളുള്ള കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് തീപടർന്നത്. ഫയർഫോഴ്സെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണയ്ക്കുകയായിരുന്നു.
തീപിടിത്തമുണ്ടായ കെട്ടിടത്തിനകത്തേക്കു ഫയർഫോഴ്സിനെത്താനും ബുദ്ധിമുട്ടുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് ഫയർഫോഴ്സിന്റെ നിഗമനം. കെട്ടിടത്തിന്റെ നാലു നിലകളിലും ഇലക്ട്രിക്കൽ, സാനിറ്ററി ഉത്പന്നങ്ങൾ ധാരാളമായി ഉണ്ടായിരുന്നു. ഒന്നാം നിലയിൽ ആളിപ്പടർന്ന തീ മുകൾനിലകളിലേക്കു വ്യാപിക്കാതെ തടയാനായതു വലിയ ദുരന്തം ഒഴിവാക്കി. തൃശൂരിനുപുറമെ ചാലക്കുടി, പുതുക്കാട് യൂണിറ്റുകളിൽ നിന്നുകൂടി ഫയർ എൻജിനുകൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പത്തു യൂണിറ്റുകൾ പലതവണ വെള്ളം നിറച്ചെത്തിയാണ് തീയണച്ചത്.
കനത്ത പുക രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയെങ്കിലും മൂന്നുമണിക്കൂറോളം സമയമെടുത്ത് അഗ്നിരക്ഷാസേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. നഷ്ടം കണക്കാക്കിയിട്ടില്ലെങ്കിലും ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്.