രജനിക്കായി ഒരു കൊച്ചുവീട്; ആഗ്രഹം പൂർത്തിയാക്കി ലിസ മടങ്ങി
1515206
Tuesday, February 18, 2025 1:28 AM IST
തൃശൂർ: അമല ആയുർവേദ ആശുപത്രിയിലെ പൂന്തോട്ടപരിപാലകയായ രജനിക്കു വീടു നിർമിച്ചുനൽകുക എന്ന ആഗ്രഹം പൂർത്തിയാക്കി ലിസ ഇഗ്നേഷ്യസ് മരണത്തിനു കീഴടങ്ങി.
വിദ്യാർഥികളായ മൂന്നുമക്കളും രോഗിയായ ഭർത്താവുമടങ്ങുന്നതാണ് രജനിയുടെ കുടുംബം. മണ്ണുചുമരുകളും മുകളിൽ ഷീറ്റുമിട്ട കൊച്ചുവീട്ടിലെ ഒറ്റമുറിയിലായിരുന്നു ഇവരുടെ താമസം. വീടിനടുത്തുള്ള പറന്പിൽനിന്ന് പാന്പുകളുടെ ശല്യവും രൂക്ഷയായിരുന്നു. ഒരിക്കൽ വിഷപ്പാന്പ് കടിച്ച് രജനിക്കു ദീർഘകാലം ചികിത്സയും വേണ്ടിവന്നു. ചികിത്സയിലായിരുന്ന രജനിയെ കാണാനെത്തിയ അമലയിലെ സിസ്റ്റർമാരാണ് ആവീടിന്റെ പരിതാപകരമായ അവസ്ഥ ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കലിലെ അറിയിക്കുന്നത്. ഫാ. ഷിബു ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കു വരാറുള്ള ലിസ ഇഗ്നേഷ്യസിനോട് വിവരം പറയുകയും സഹായം അഭ്യർഥിക്കുകയുമായിരുന്നു. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ദീർഘകാലം നഴ്സായി ജോലി ചെയ്തിരുന്ന ലിസ വീടു നിർമിച്ചുകൊടുക്കാമെന്നേറ്റു.
അങ്ങനെയാണ് തിരൂരിലുള്ള മൂന്നു സെന്റ് സ്ഥലത്ത് അടച്ചുറപ്പുള്ള കൊച്ചുവീട് എന്ന രജനിയുടെയും കുടുംബത്തിന്റെയും സ്വപ്നം നിറവേറിയത്. വീടിന്റെ നിർമാണം അന്തിമഘട്ടത്തിലെത്തിനിൽക്കുന്പോഴായിരുന്നു മസ്തിഷ്കാഘാതത്തെതുടർന്ന് ലിസയുടെ മരണം. മരണത്തിന് ഏതാനും ദിവസങ്ങൾക്കുമുന്പും ലിസ ഫോണിൽ വിളിച്ച് വീടുനിർമാണം സംബന്ധിച്ച് അന്വേഷിച്ചിരുന്നുവെന്നു ഫാ. ഷിബു പുത്തൻപുരയ്ക്കൽ പറഞ്ഞു. ഏഴുലക്ഷത്തോളം രൂപ ചെലവിട്ടാണു ലിസ ഇഗ്നേഷ്യസ് രജനിക്കു വീടു നിർമിച്ചുനൽകിയത്. വീടിന്റെ താക്കോൽദാനം ദേവമാതാ വികാർ പ്രൊവിൻഷ്യൽ ഫാ. ഡേവി കാവുങ്കൽ നിർവഹിച്ചു.