ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു
1515143
Monday, February 17, 2025 11:07 PM IST
മാള: ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. മാള അഷ്ടമിച്ചിറ സ്വദേശിയായ പഴമ്പിള്ളി വീട്ടിൽ ശ്രീഷ്മ(30)യാണ് ചികിത്സയിലിരിക്കെ രക്തത്തിലെ അണുബാധ മൂലം ഇന്നലെ വെളുപ്പിന് നാലിന് മരിച്ചത്.
കഴിഞ്ഞ ജനുവരി 29ന് ആയിരുന്നു സംഭവം. ശ്രീഷ്മയുടെ ഭർത്താവ് വാസൻ ഭാര്യയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കുടുംബ വഴക്കിനെത്തുടർന്ന് കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു സംഭവം. വാസനെ അന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ തൃശൂർ ജില്ലാ ജയിലിൽ റിമാൻഡിലാണ്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മ യെ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് നാട്ടുകാരാണ് എത്തിച്ചത്.
തുടർന്ന് എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ശ്രീഷ്മയുടെ അവിട്ടത്തൂരിലെ വീട്ടിൽ സംസ്കരിക്കും. ഇവർക്ക് നാല് മക്കളുണ്ട്.