തദ്ദേശസ്വയംഭരണ പുരസ്കാരങ്ങളിൽ തൃശൂരിനു മികച്ച നേട്ടം
1515202
Tuesday, February 18, 2025 1:28 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഭരണവികസനക്ഷേമ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു സംസ്ഥാന സർക്കാർ നല്കുന്ന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ തൃശൂരിനു മികച്ചനേട്ടം.
സ്വരാജ് ട്രോഫി, മഹാത്മ അയ്യങ്കാളി പുരസ്കാരങ്ങളിൽ മൊത്തം അഞ്ച് അവാർഡുകളാണു സംസ്ഥാനതലത്തിൽ ജില്ല നേടിയെടുത്തത്. എന്നാൽ മഹാത്മ പുരസ്കാരം, ലൈഫ് മിഷൻ അവാർഡുകളിൽ ഒരു സ്ഥാനവും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്കു നേടാനായില്ല. ആകെ 125 മാർക്കിൽ 101 മാർക്കു നേടി ബ്ലോക്ക് പഞ്ചായത്ത് വിഭാഗം സ്വരാജ് ട്രോഫിയുടെ രണ്ടാംസ്ഥാനം കൊടകര കരസ്ഥമാക്കി. 250 മാർക്കിൽ 216 മാർക്ക് നേടി ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ മറ്റത്തൂർ മൂന്നാംസ്ഥാനം നേടി. മുനിസിപ്പാലിറ്റി വാഭാഗത്തിൽ 250ൽ 168 മാർക്ക് നേടി ഗുരുവായൂർ ഒന്നാംസ്ഥാനത്തും 138 മാർക്ക് നേടി വടക്കാഞ്ചേരി രണ്ടാംസ്ഥാനത്തുമെത്തി.
മഹാത്മ അയ്യങ്കാളി പുരസ്കാരത്തിൽ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ഒന്നാംസ്ഥാനം നേടി. ഭരണവികസനക്ഷേമപ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകളെ ആദരിക്കാനാണു സ്വരാജ് ട്രോഫി നല്കുന്നത്. ഈ വിഭാഗത്തിൽ ജില്ലാതലത്തിൽ 204 മാർക്ക് നേടി എളവള്ളി ഗ്രാമപഞ്ചായത്തും 160 മാർക്ക് നേടി നെന്മണിക്കര ഗ്രാമപഞ്ചായത്തും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
ജില്ലാതലത്തിൽ മഹാത്മാ പുരസ്കാരത്തിനു വെങ്കിടങ്ങ്, പാവറട്ടി ഗ്രാമപഞ്ചായത്തുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തുകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും നല്കുന്ന മഹാത്മാ പുരസ്കാരം, ലൈഫ് ഭവനപദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും നല്കുന്ന ലൈഫ് മിഷൻ അവാർഡുകളിലൊന്നും നേടാനാവാഞ്ഞതു ജില്ലയ്ക്കു നാണക്കേടായി.