കക്കൂസ് മാലിന്യം സംസ്കരിക്കണോ? മൊബൈല്‍ യൂണിറ്റ് വിളിപ്പുറത്തെത്തും
1515217
Tuesday, February 18, 2025 1:28 AM IST
അരിപ്പാലം: കക്കൂസ് മാലിന്യം സംസ്കരിക്കുവാന്‍ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍. എന്നാല്‍ ആ ദുരിതം ഇനി മറക്കാം. നിങ്ങളുടെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുവാനുള്ള വാഹനം ഇനി വിളിപ്പുറത്തെത്തും. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുവാനുള്ള വാഹനം സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ഈ സംവിധാനവുമായി നടപ്പാക്കുന്നത്.
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് മൊബൈല്‍ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് (എംടിയു) തുടങ്ങിയത്. ആവശ്യക്കാര്‍ക്ക് വീട്ടിലെത്തി കക്കൂസ് ടാങ്കുകള്‍ വൃത്തിയാക്കി നല്‍കും. ഇതിനായി ഡ്രൈവറെയും ഓപ്പറേറ്ററെയും നിയോഗിച്ചിട്ടുണ്ട്.
തിരുവനന്തപുരം ആസ്ഥാനമായുള്ള ഭൗമ എന്‍വിരോ ടെക് എന്ന കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2024-25 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം ചെലവഴിച്ചാണ് യൂണിറ്റ് ആരംഭിച്ചത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് മാസത്തില്‍ 1.77 ലക്ഷം രൂപ കമ്പനിക്ക് നല്‍കണം.
ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്കിനുകീഴിലുള്ള പഞ്ചായത്തുകള്‍ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി പണം വകയിരുത്തി. ഗ്രാമപ്പഞ്ചായത്തുകളിലെ സങ്കേതങ്ങളില്‍ സൗജന്യമായി ടാങ്കുകള്‍ വ്യത്തിയാക്കി നല്‍കണമെന്ന ആവശ്യപ്രകാരം അര്‍ഹരായ ആളുകള്‍ക്ക് അത്തരത്തില്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പൂമംഗലം, പടിയൂര്‍, വേളൂക്കര, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍ എന്നീ അഞ്ച് പഞ്ചായത്തുകളെ ചേര്‍ത്താണ് ഇത് നടപ്പിലാക്കുന്നത്. കക്കൂസ് മാലിന്യം തോടുകളിലും കുളങ്ങളിലും പാടശേഖരങ്ങളിലും തള്ളുന്നതുമൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇതോടെ ഒഴിവാക്കാനാകും.
പൂമംഗലം പഞ്ചായത്തില്‍ ഒരു ഗുണഭോക്താവിനു കക്കൂസ് മാലിന്യം സംസ്കരിച്ചു നല്കി പദ്ധതിക്കു തുടക്കംക്കുറിച്ചു. ടാങ്ക് തുറന്ന് യന്ത്രമിറക്കി ആറുതവണയായി നാലുതരത്തില്‍ അരിച്ച് വെള്ളം ശുദ്ധീകരിച്ച് ക്ലോറിനേറ്റ് ചെയ്താണ് മാലിന്യം നീക്കുന്നത്. ശാസ്ത്രീയമായി ചെയ്യുന്നതിനാല്‍ ടാങ്ക് വ്യത്തിയാക്കുമ്പോള്‍ യാതൊരുതരത്തിലുള്ള ദുര്‍ഗന്ധമോ രോഗകാരികളായ അണുക്കളുടെ വ്യാപനമോ ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
സംസ്കരണശേഷമുള്ള അണുവിമുക്തവെള്ളം കൃഷിക്കും മറ്റും ഉപയോഗിക്കാം. ഖരമാലിന്യങ്ങള്‍ യന്ത്രസംവിധാനത്തില്ത്തന്നെ ഉണക്കി ചെറിയ ബ്രിക്സുകളാക്കി മാറ്റും.
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ആറായിരം ലിറ്റര്‍ വരെയുള്ള ടാങ്കുകള്‍ നാലായിരം രൂപയ്ക്കാണ് വൃത്തിയാക്കി നല്‍കുന്നത്. അതിനുമുകളിലുള്ള ടാങ്കുകള്‍ക്ക് തുകയില്‍ വ്യത്യാസമുണ്ടാകും. വെള്ളാങ്ക ല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പണമടച്ച് ബുക്ക് ചെയ്താല്‍ മൊബൈല്‍ യൂണിറ്റ് വീട്ടിലെത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സുധ ദിലീപ് പറഞ്ഞു.