മറ്റത്തൂരിന് സംസ്ഥാനതലത്തിൽ സ്വരാജ് ട്രോഫി മൂന്നാംസ്ഥാനം
1515216
Tuesday, February 18, 2025 1:28 AM IST
മറ്റത്തൂര്‍: തദ്ദേശസ്വയംഭരണവകുപ്പിന്റെ സംസ്ഥാനതല പുരസ്കാരം നേടിയെടുത്ത് മറ്റത്തൂർ. മികച്ച ഗ്രാമപഞ്ചായത്തിനുള്ള മൂന്നാംസ്ഥാനം നേടിയ മറ്റത്തൂരിന് 30 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് പുരസ്കാരമായി ലഭിക്കുക.
കഴിഞ്ഞവര്‍ഷം ജില്ലയില്‍ രണ്ടാം സ്ഥാനക്കാരായിരുന്ന മറ്റത്തൂര്‍ ഇത്തവണ സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ 938 എണ്ണത്തെയും പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ടീയത്തിനതീതമായ കൂട്ടായ്മ വളര്ത്താനായതാണ് മറ്റത്തൂരിനെ ഈ നേട്ടത്തിനര്ഹമാക്കിയതെന്ന് പ്രസിഡന്റ് അശ്വതി വിബി പറഞ്ഞു.
ജലാശയങ്ങളെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍, വെളളിക്കുളം വലിയതോട് ശുചീകരണം, കൊടുങ്ങചിറ - ചെമ്പുച്ചിറ കുളങ്ങളുടെ നവീകരണം, പൊതു കിണറുകളുടെ ശുചീകരണം എന്നിവയും പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും മോഡല്‍ പ്രീപ്രൈമറി സ്കൂളാക്കി മാറ്റിയതും മറ്റത്തൂരിന്റെ നേട്ടങ്ങളായി പരിഗണിക്കപ്പെട്ടു. അങ്കണവാടികള്‍ സ്മാര്‍ട്ടാക്കുകയും ആരോഗ്യ കേന്ദ്രങ്ങള്‍ നവീകരിക്കുകയും ചെയ്തു.
സ്ത്രീകളിലെ വിളര്‍ച്ച പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച എച്ച്ബി 12 പദ്ധതി, മികച്ച രീതിയിലുള്ള വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ജെന്‍ഡര്‍ റിസോഴ്സസ് സെന്ററും വുമണ്‍ ഫെസിലിറ്റേറ്റര്‍ പദ്ധതി എന്നിവ പഞ്ചായത്തില്‍ മാതൃകപരമായി നടപ്പാക്കി.
കാര്‍ഷിക മേഖലയിലെ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി രൂപം നല്കിയ മറ്റത്തൂര്‍ മട്ട പോലെയുള്ള പദ്ധതികളും കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉയര്‍ച്ചക്ക് വേണ്ടിയുള്ള ഉയരെ പദ്ധതിയും വേറിട്ടതായി.
ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കി സദ്ഭരണമുറപ്പുവരുത്തുന്നതിലും കയ്യേറ്റം ഒഴിവാക്കി തോടുകളെ വീണ്ടെടുക്കുന്നതിലും മറ്റത്തൂര്‍ ഇതര പഞ്ചായത്തുകള്‍ക്ക് മാതൃകയായി. വനിതകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി വനിത ജിം യോഗ പദ്ധതി നടപ്പാക്കിയതും കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിച്ചതും മറ്റത്തൂരിന്റെ നേട്ടങ്ങളാണെന്ന് പ്രസിഡന്റ് അശ്വതി വിബി പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി, വൈസ് പ്രസിഡന്റ്് ഷാന്റോ കൈതാരത്ത്, ഭരണസമിതി അംഗങ്ങള്‍ എന്നിവരും പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും മറ്റത്തൂരിന്റെ ഈ നേട്ടത്തിന് പുറകിലുണ്ടന്നും പ്രസിഡന്റ്് പറഞ്ഞു.