പുരസ്കാരനിറവിൽ വടക്കാഞ്ചേരി നഗരസഭ
1515210
Tuesday, February 18, 2025 1:28 AM IST
വടക്കാഞ്ചേരി: സംസ്ഥാന സർക്കാരിന്റെ 2023- 24 വർഷത്തെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരത്തിൽ രണ്ടാം സ്ഥാനവും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഒന്നാം സ്ഥാനവും നേടി വടക്കാഞ്ചേരി നഗരസഭ. മികവാർന്ന പ്രവർത്തനത്തിലൂടെ തുടർച്ചയായി മൂന്നാംതവണയാണ് നഗരസഭ ഈ പുരസ്കാരങ്ങൾ കരസ്ഥമാക്കുന്നത്. 40 ലക്ഷം രൂപയും ട്രോഫിയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സ്വരാജ് ട്രോഫി പുരസ്കാരം.
സർക്കാർ നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നഗരസഭ ഈ മികച്ച നേട്ടം കൈവരിച്ചത്. സുസ്ഥിര വികസനത്തിലൂന്നിയ മാതൃകാപരമായ പദ്ധതികളാണ് നഗരസഭ ആവിഷകരിച്ച് നടപ്പാക്കിയത്. സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന യജ്ഞത്തിൽ കേരളത്തിലാദ്യമായി മൈക്രോപ്ലാൻ തയാറാക്കി പദ്ധതി നടപ്പാക്കിയതു വടക്കാഞ്ചേരി നഗരസഭയാണ്. അതിനായി പൈലറ്റ് പദ്ധതി ആവിഷ്കരിച്ചും 91 അതിദരിദ്രരെ ചേർത്തുപിടിച്ചും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ നഗരസഭയ് ക്കുകഴിഞ്ഞു.
മാലിന്യ സംസ്കരണരംഗത്ത് മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച് സംസ്ഥാനത്തുതന്നെ മാതൃക തീർക്കാൻ നഗരസഭയ്ക്കു സാധിച്ചു. വീടുകളിലും പൊതുസ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണത്തിനായി ബയോ ബിന്നുകൾ, ബയോ ഗ്യാസ് പ്ലാന്റ്്, റിംഗ് കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ് എന്നിവ വിതരണം ചെയ്തു നടപ്പാക്കി. വീടുകളിൽ നിന്നും നൂറ് ശതമാനം യൂസർ ഫീ ശേഖരണം ഉറപ്പാക്കാൻ ഹരിത കർമസേനാംഗങ്ങൾ മുഖേന കഴിഞ്ഞു. പൊതുയിടങ്ങളിൽ മാലിന്യങ്ങൾവലിച്ചെറിയുന്നവർക്കെതിരെയും കത്തിക്കുന്നവർക്കെതിരെയും പിഴയും കർശനനടപടിയും നഗരസഭ സ്വീകരിച്ചുവരുന്നുണ്ട്. പൊതുയിടങ്ങളിൽ ബോട്ടിൽ ബൂത്ത്, ഇല കമ്പോസ്റ്റ് എന്നിവ സ്ഥാപിച്ച് പൊതുജനങ്ങളുടെ വലിച്ചെറിയൽ പ്രവണത കുറച്ചു.
8000 മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തതിന്റെ ഭാഗമായി സാനിറ്ററി നാപ്കിൻ മാലിന്യത്തിന്റെ അളവ് ക്രമാതീതമായി കുറയ്ക്കാനും കഴിഞ്ഞു. പദ്ധതി വിഹിത നിർവഹണത്തിൽ 100 ശതമാനം ചെലവഴിക്കാൻ നഗരസഭയ്ക്കു സാധിച്ചു. കാർബൺ ന്യൂട്രൽ അടിസ്ഥാനമാക്കിയ പദ്ധതികളാണു നഗരസഭ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളെ സ്വയംപര്യാപ്തമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ വഴി നിരവധി സംരംഭങ്ങൾ ആവിഷ്കരിച്ചു. പാഴ്ത്തുണികളിൽനിന്നും ചവിട്ടി നിർമിക്കുന്ന കൈമാറ്റക്കട മാതൃകാപദ്ധതിയായി മാറി. വയോജനക്ഷേമ പ്രവർത്തനത്തിന്റെ ഭാഗമായി ആരംഭിച്ച ആരോഗ്യ നഗരം പദ്ധതി ഏറെശ്രദ്ധപിടിച്ചുപറ്റി. ഭിന്നശേഷി പദ്ധതികൾ, കാർഷിക - വിദ്യാഭ്യാസ പദ്ധതികൾ, കാർഷിക മേഖലയിൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൃഷിരീതികൾ തുടങ്ങി എല്ലാ മേഖലകളിലും നഗരസഭ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നഗരസഭയ ഈ നേട്ടത്തിലെത്തിച്ചത്.
നഗരസഭയിലെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെയാണ് അഭിമാനപുരസ്കാരങ്ങൾ നഗരസഭയ്ക്ക് നേടാനായതെന്ന് ചെയർമാൻ പി.എൻ. സുരേന്ദ്രൻ പറഞ്ഞു.
കൊടകര ബ്ലോക്ക് പഞ്ചായത്തിന്
സംസ്ഥാനത്ത് രണ്ടാംസ്ഥാനം
പുതുക്കാട്: തുടര്‍ച്ചയായി മൂന്നാം തവണയും സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായ ത്തിനുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ സ്വരാജ് ട്രോഫി പുരസ്കാരം കൊടകര ബ്ലോക്ക് പഞ്ചായത്തിന്. 2023 -24 വര്‍ഷത്തില്‍ പ്രസിഡന്റായിരുന്ന എം. ആര്. രഞ്ജി ത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കാഴ്ചവച്ച മികച്ച പ്രകടനത്തിനാണ് കൊട കരയ്ക്ക് സംസ്ഥാനത്ത് രണ്ടാംസ്ഥാനം ലഭിച്ചത്. 19 ന് ഗുരുവായൂരില്‍ നടക്കുന്ന തദ്ദേശദിനാഘോഷത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് കെ.എം. ചന്ദ്രന് മന്ത്രി എം.ബി. രാജേഷില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും.
ബ്ലോക്ക് പഞ്ചായത്തിന്റെ യോഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍, വിവിധ രജിസ്റ്ററുകള്‍ കാലികമാക്കല്‍, വനിതാ സ്വയം തൊഴില്‍ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് ധനസഹായം, കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് വിപണന സൗകര്യം, ആരോഗ്യ മേഖലയി ലെ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഡയാലിസിസ് യൂണിറ്റിലൂടെ നല്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഗുണമേന്മയുള്ള ശുചിത്വസംവിധാനങ്ങള്‍ ഒരുക്കല്‍ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.
ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി നെന്മണിക്കര
പുതുക്കാട്: ജനകീയ പ്രവർത്തനമികവിന് 2023 -24 വർഷത്തെ സ്വരാജ് ട്രോഫി പുരസ്കാരത്തിൽ നെന്മണിക്കര പഞ്ചായത്ത് ജില്ലയിൽ രണ്ടാമത്. പഞ്ചായത്ത് പ്രസിഡന്റ്് ടി.എസ്. ബൈജുവിന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ പദ്ധതികളുടെ പ്രവർ ത്തന മികവിനാണ് നെന്മണിക്കര പഞ്ചായത്ത് ജില്ലയിൽ സ്വരാജ് ട്രോഫി പുരസ്കാരത്തിന് രണ്ടാംസ്ഥാനത്തിനർഹമായത്.
ബിപിഎൽ വിഭാഗത്തിലെ പെൺകുട്ടികളുടെ സുരക്ഷയ്ക്കും വിദ്യാഭ്യാസം, തൊഴിൽ, വിവാഹം എന്നിവയിൽ സഹായിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ സൗഭാഗ്യവതി പദ്ധതി, ഭൂരഹിതരായവർക്ക് വീടുവയ് ക്കുന്നതിനായി ഒരേക്കർ സ്ഥലം വാങ്ങി 11 കോടിയുടെ പദ്ധതി വിഭാവനം ചെയ്തതും മാലിന്യ ശുചിത്വ പ്രവർത്തന ങ്ങളിലെ മികവ്, 7-14 വയസുവരെയുള്ള ആൺകുട്ടികൾക്കായി നടപ്പാക്കിയ ഫുട്ബോൾ അക്കാദമി, പെൺകുട്ടികൾക്കും സ്ത്രീകൾക്കുമായി നടപ്പാക്കിയ ഗർഭാശയ കാൻസർ പ്രതിരോധപദ്ധതി, പെൺകുട്ടികൾക്കായി ബാസ്കറ്റ്ബോൾ അക്കാദമി, ബാലസൗഹൃദ പഞ്ചായത്താക്കി മാറ്റാനുള്ള വിവിധ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് നെന്മണിക്കരയെ സ്വരാജ് ട്രോഫി പുരസ്കാരത്തിനു പരിഗണിച്ചത്.