നാട്ടിക പഞ്ചായത്ത് വികസന സെമിനാർ നടത്തി; യുഡിഎഫ് ബഹിഷ്കരിച്ചു
1515211
Tuesday, February 18, 2025 1:28 AM IST
തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്ത് 25 -2026 വികസന സെമിനാർ സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഐഷാബി ജബ്ബാർ പദ്ധതി വിശദീകരണം നടത്തി. അംഗങ്ങളായ കെ.കെ. സന്തോഷ്, സുരേഷ് ഇയ്യാനി, ഗ്രീഷ്മ സുഖിലേഷ്, നിഖിത പി. രാധാകൃഷ്ണൻ, ശെന്തിൽകുമാർ, വൈസ് പ്രസിഡന്റ് രജനി ബാബു, സൂപ്രണ്ട് ആനന്ദൻ എന്നിവർ പ്രസംഗിച്ചു.
ബഹിഷ്കരിച്ച് യുഡിഎഫ്
വികസന സെമിനാർ യുഡിഎഫ് ജനപ്രതിനിധികൾ ബഹിഷ്കരിച്ചു. ഭൂരിപക്ഷം നഷ്ടപ്പെട്ട സിപിഎം പഞ്ചായത്ത് ഭരണസമിതി ബിജെപിയെ കൂട്ടുപിടിച്ച് പദ്ധതി വിഹിതം ഇരുകൂട്ടരും പങ്കിട്ടെടുക്കുകയാണെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. പഞ്ചായത്തിനെ ഒന്നായി കാണാനും മുൻഗണന അനുസരിച്ച് പദ്ധതികൾക്കു രൂപം നൽകാനും സിപിഎം - ബിജെപി ഭരണം തയാറാകുന്നില്ല.
ഭൂരിപക്ഷം നഷ്ടപ്പെട്ടവർക്ക് ഭരണം നിലനിർത്താനുള്ള സിപിഎമ്മിന്റെ ചെപ്പടി വിദ്യകളാണ് ബിജെപിയുമായി ചേർന്ന് നടത്തുന്നതെന്നും യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു.
യുഡിഎഫ് അംഗങ്ങളായ നാട്ടിക ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മാധവൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു പ്രദീപ്, പി. വിനു, റസീന ഖാലിദ്, സി.എസ്. മണികണ്ഠൻ, കെ.ആർ. ദാസൻ എന്നിവരാണു ബഹിഷ്കരിച്ചത്.