ഉത്രാളിക്കാവ് പൂരം: വടക്കാഞ്ചേരി ദേശത്തിന് ഈ വർഷംമുതൽ പുതിയ കോലം
1515212
Tuesday, February 18, 2025 1:28 AM IST
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തിന് വടക്കാഞ്ചേരി ദേശം ഉപയോഗിക്കുന്ന 110 വർഷം പഴക്കമുള്ള കോലം മാറ്റി. പുതിയ കോലം വടക്കാഞ്ചേരി ആലത്തൂർ മഠം കുടുംബം വടക്കാഞ്ചേരി ദേശത്തിനു കൈമാറി. ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശത്തിന്റെ കോലം പതിറ്റാണ്ടുകളായി ആലത്തൂർ മഠത്തിലാണ് സൂക്ഷിക്കാറുള്ളത്. ആലത്തൂർ മഠത്തിന്റെ ഇപ്പോഴത്തെ കാരണവർ എസ്. വെങ്കിടേശ്വരനും കുടുംബങ്ങങ്ങളും ചേർന്നാണു പുതിയ കോലം പണി കഴിപ്പിച്ചത്. ഈ വർഷം പുതിയ സ്വർണ ക്കോ ലവും പുതിയ എഴുന്നള്ളിപ്പ് കുടയുമാണ് വടക്കാഞ്ചേരി ദേശത്തിന്.
ആറടി ഉയരത്തിൽ, എന്നാൽ കനം കൂടാത്ത രീതിയിൽ, ഇളക്കത്താലിയും ചുറ്റും ജലധാരയിൽ ആനയും മുകൾഭാഗത്ത് ഗജലക്ഷ്മിയും ചേർന്നതാണ് പുതിയ കോലം. സന്തോഷ് ജോർജ്, ഒളരി എന്ന കലാകാരനാണ് കോലം പണിതീർത്തത്.
വടക്കാഞ്ചേരി ദേശം പ്രസിഡന്റ് സി.എ. ശങ്കരൻകുട്ടി, ആലത്തൂർ മഠം പ്രതിനിധി എസ്. നരസിംഹൻ, ജനറൽ സെക്രട്ടറി പി.എൻ. വൈശാഖ്, ട്രഷറർ പ്രശാന്ത് പുഴങ്കര, ജനറൽ കൺവീനർ പി.കെ. രാജേഷ് എന്നിവർചേർന്ന് പുതിയ കോലം വടക്കാഞ്ചേരി ദേശത്തിനുവേണ്ടി ഏറ്റുവാങ്ങി.