മച്ചാട് മാമാങ്കം നാളെ
1514896
Monday, February 17, 2025 1:16 AM IST
പുന്നംപറമ്പ്: മച്ചാട് മാമാങ്കത്തിന്റെ വരവറിയിച്ച് നാടൻ കലാരൂപങ്ങൾ വീടുകളിലെത്തി. മാമാങ്കക്കാഴ്ചകളിൽ ഏറ്റവും പ്രധാനമേറിയതാണ് ഓരോ ദേശങ്ങളിലും കെട്ടിയുണ്ടാക്കുന്ന പൊയ്ക്കുതിരകളെയും എടുത്തു കൊണ്ടു ക്ഷേത്രത്തിലേക്കുള്ള ജനങ്ങളുടെ യാത്ര. കൊയ്തൊഴിഞ്ഞ പാടശേഖരത്തിലൂടെ നൂറുകണക്കിന് ആളുകളാണ് ഓരോ കുതിരകളെയും തോളിലേറ്റി ക്ഷേത്രത്തിലേക്കു നീങ്ങുക.
നാളെ ഉച്ചയ്ക്ക് ഒന്നോടെ വിരുപ്പാക്ക, മണലിത്തറ, കരുമത്ര എന്നീ ദേശങ്ങളുടെ ഏഴു കുതിരകളെ നാട്ടുകാർ കുമരംകിണറ്റുകര ക്ഷേത്രത്തിനു സമീപം എത്തിക്കും. തുടർന്നു മാമാങ്കം നടത്തിപ്പുദേശമായ പുന്നംപറമ്പ് വിഭാഗത്തിന്റെ രണ്ടു ഭഗവതിക്കുതിരകളുടെ അകമ്പടിയോടെ മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലേയ്ക്ക് ആനയിക്കും.
ദേശങ്ങളിൽ കുതിരകളെ കെട്ടിയുണ്ടാക്കിക്കഴിഞ്ഞാൽ കുതി രകളുടെ തലവയ്ക്കുക മാമാങ്ക ദിവസം രാവിലെയാണ്. ക്ഷേത്ര ത്തിൽനിന്നു കഴിഞ്ഞ വെള്ളിയാഴ്ച പുറപ്പെട്ട പറ ബുധനാഴ്ച രാവിലെതിരിച്ച് ക്ഷേത്രത്തിൽ വരുന്നതോടെ ഇത്തവണത്തെ മാമാങ്ക ചടങ്ങുകൾക്കു സമാപനമാകും.
സാമ്പിൾ കസറി
പുന്നംപറമ്പ്: മണലിത്തറ ദേശം സാമ്പിൾ കസറി. മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് പ്രധാനതട്ടകദേശമായ മണലിത്തറ ദേശത്തിന്റെ സാമ്പിൾ വെടിക്കെട്ടാണ് ഇന്നലെ രാത്രി ഒന്പതോടെ മണലിത്തറ കേറ്റിപ്പാടത്ത് നടന്നത്. ജില്ലാ ഭരണകൂടം വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് ദേശക്കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഇന്നലെ രാത്രി സാമ്പിളിനും നാളെ ഉച്ചയ്ക്ക് വെടിക്കെട്ടിനും കോടതി അനുമതി നൽകിയത്.