ശക്തൻ സ്റ്റാൻഡിൽ തട്ടിക്കൂട്ട് നവീകരണം
1514892
Monday, February 17, 2025 1:16 AM IST
സ്വന്തം ലേഖകൻ
തൃശൂർ: രണ്ടര കോടി രൂപ ചെലവിട്ടു നവീകരണം നടക്കുന്ന ശക്തൻ ബസ് സ്റ്റാൻഡിൽ തട്ടിക്കൂട്ടുപണികൾ നടത്തി കോർപറേഷൻ. സ്റ്റാൻഡിലെ പൊട്ടിപ്പൊളിഞ്ഞ തൂണുകൾ പ്ലാസ്റ്ററിംഗ് നടത്തി ബലപ്പെടുത്താതെ പെയിന്റടിച്ചു മോടിപിടിപ്പിച്ചിരിക്കുകയാണ്. ബസ് ട്രാക്കിനരികേ ടൈൽ പൊട്ടിപ്പൊളിഞ്ഞയിടത്തു സിമന്റ് വാരിപ്പൊത്തിയ നിലയിലാണ്. ടൈലുകൾ വിരിച്ചിട്ടുമില്ല. നവീകരണത്തിന്റെ ഭാഗമായി മോടിപിടിപ്പിക്കുമെന്നു പറഞ്ഞിരുന്ന പല ജോലികളും പൂർത്തിയായിട്ടില്ല. നിലവിൽ ഇവിടെ നവീകരണജോലികളൊന്നും നടക്കുന്നുമില്ല.
സ്റ്റാൻഡ് എത്രയും പെട്ടെന്നു തുറന്നുകൊടുക്കണമെന്ന് ബസ് ഉടമകളിൽനിന്നും സ്റ്റാൻഡിലെ കച്ചവടക്കാരിൽനിന്നും നിരന്തരസമ്മർദമുണ്ടെങ്കിലും, നിലവിലെ അവസ്ഥയിൽ തുറന്നാൽ പരാതികൾക്കിടയാക്കും. എന്നാൽ, ജില്ലയിലെ മന്ത്രിമാരുടെ ലഭ്യത അനുസരിച്ച് ഉദ്ഘാടനതീയതി പ്രഖ്യാപിക്കുമെന്നാണു കോർപറേഷൻ സ്ഥിരംസമിതി ചെയർമാൻ വർഗീസ് കണ്ടംകുളത്തി പറഞ്ഞത്.
സ്റ്റാൻഡ് നവീകരണം പൂർത്തിയായതായും പെയിന്റിംഗ്, തൂണുകൾ ബലപ്പെടുത്തൽ തുടങ്ങിയ ജോലികൾ ബാക്കിയുണ്ടെന്നും മേയർ എം.കെ. വർഗീസ് പറഞ്ഞു. ബാക്കിയുള്ള പണികൾ പൂർത്തീകരിച്ച് അടുത്തയാഴ്ച ബസ് സ്റ്റാൻഡ് തുറക്കുമെന്നും ലൈറ്റ്, ഫാൻ, ബെഞ്ച് അടക്കമുള്ളവ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചതായും മേയർ പറഞ്ഞു.
കോണ്ക്രീറ്റിംഗ് ആരംഭിച്ചതുമുതൽ ബസ് സ്റ്റാൻഡിന്റെ വടക്കുപടിഞ്ഞാറുഭാഗത്താണു ബസുകൾ ആളുകളെ കയറ്റാനായി നിർത്തുന്നത്. ഇതുമൂലം യാത്രക്കാരും വലയുകയാണ്. ബസുകൾക്കു ട്രാക്കിൽ നിർത്താൻ പറ്റാത്തതിനാൽ യാത്രക്കാരെ കിട്ടാത്ത അവസ്ഥയുണ്ട്. മാത്രമല്ല, ധാരാളം ബസുകൾ നിർത്തേണ്ടിവരുന്നതിനാൽ സ്റ്റാൻഡിൽ സൗകര്യക്കുറവുണ്ട്. സ്റ്റാൻഡിനകത്തേക്ക് ആളുകൾ കയറാത്തതിനാൽ കച്ചവടമില്ലെന്ന് ഇവിടത്തെ കച്ചവടക്കാർ പരാതിപ്പെട്ടു.