പോലീസ് കാവലിൽ വീണ്ടും ഡി സോണ്‍
1514890
Monday, February 17, 2025 1:16 AM IST
മാള: വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്നു നിർത്തിവച്ച കാലിക്കട്ട് സർവകലാശാല ഡി സോണ്‍ കലോത്സവം ഹോളിഗ്രേസ് കോളജിൽ പുനരാരംഭിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണു കടുത്ത പോലീസ് കാവലിൽ ഉപാധികളോടെ കലോത്സവം നടക്കുന്നത്. സംഘാടനത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തിട്ടുണ്ട്.
മത്സരാർഥികളെയും കൂടെ വരുന്നവരെയും പോലീസ് പരിശോധനയ്ക്കു വിധേയമാക്കിയാണു കാന്പസിനകത്തേക്കു കടത്തിവിടുന്നത്. നിരീക്ഷണ കാമറകളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശനത്തിനും പുറത്തുപോകുന്നതിനും വെവ്വേറെ വഴികൾ ഒരുക്കിയിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പിമാരുൾപ്പെടെ വിവിധ സ്റ്റേഷനുകളിൽനിന്നുള്ള 200 പേരും പോലീസ് ക്യാന്പിൽനിന്നുള്ള നൂറോളം പോലീസുകാരുമാണു കലോത്സവം നിയന്ത്രിക്കുന്നത്. കലോത്സവം ഇന്നു വൈകിട്ട് അഞ്ചിനകം സമാപിക്കും.
ഇനി ഏഴ് ഇനങ്ങൾ കൂടി
മാള: കാലിക്കട്ട് സർവകലാശാല ഡി സോണ്‍ കലോത്സവത്തിൽ ഇനി അവശേഷിക്കുന്നത് ഏഴ് ഇനങ്ങൾ കൂടി. ഇന്നലെ അഞ്ചു വേദികളിലായി 11 ഇനങ്ങൾ പൂർത്തിയായി. ഇതിൽ ഒരു ഇനത്തിൽ രണ്ട് എൻട്രി മാത്രമായതിനാൽ അവരെ മത്സരമില്ലാതെ ഇന്റർസോണ്‍ മത്സരത്തിനു തിരഞ്ഞെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാവിലെ ഒന്പതുമുതൽ വൈകിട്ട് അഞ്ചുവരെയാണു മത്സരങ്ങൾ നടക്കുന്നത്. ഇന്നു രാവിലെ നാലു വേദികളിലായി മത്സരങ്ങൾ നടക്കും. സമാപനച്ചടങ്ങുകൾ വൈകിട്ട് നാലിന് വേദി രണ്ടിൽ നടക്കും.
വേദി ഒന്ന്-നാലുകെട്ട്: പരിചമുട്ടുകളി, തിരുവാതിരക്കളി, മാർഗംകളി
വേദി രണ്ട്-രണ്ടാമൂഴം: ദേശഭക്തിഗാനം, ഗാനമേള, നാടോടിനൃത്തം മെയിൽ ഗ്രൂപ്പ്
വേദി മൂന്ന്-കാലം: അർധശാസ്ത്രീയസംഗീതം (ഹിന്ദുസ്ഥാനിയും കർണാട്ടിക്കും).
മത്സരസമയം വൈകുന്ന സാഹചര്യം ഉണ്ടായാൽ വേദി നാല് കൂടി ഉപയോഗപ്പെടുത്തുമെന്നു സംഘാടകർ അറിയിച്ചു.