ചരിത്രം രചിച്ച് തൃശൂർ മാരത്തണ്‍
1514886
Monday, February 17, 2025 1:16 AM IST
തൃശൂർ: തൃശൂരിലെ ആദ്യ ഫുൾ മാരത്തണ്‍ ഇവന്റ് തൃശൂർ കൾച്ചറൽ ക്യാപ്പിറ്റൽ മാരത്തണ്‍ വിജയകരമായി പൂർത്തിയായി. 42 കിലോമീറ്റർ ഫുൾ മാരത്തണ്‍ ഇന്നലെ പുലർച്ചെ 3.30ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ഫുൾ മാരത്തണിൽ പങ്കെടുത്ത കളക്ടർ നാലു മണിക്കൂർ ആറു മിനിറ്റുകൊണ്ട് വിജയകരമായി ഓട്ടം പൂർത്തിയാക്കി. 21, 10, അഞ്ച് കിലോമീറ്റർ ഓട്ടമത്സരങ്ങൾ യഥാക്രമം സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, എഎസ്പി ഹാർദിക് മീണ, കേരള ഗ്രാമീണ്‍ ബാങ്ക് ചെയർപേഴ്സണ്‍ വിമല വിജയഭാസ്കർ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.
പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, കേരളത്തിലെ ആദ്യ ബ്ലേഡ് റണ്ണർ സജേഷ് കൃഷ്ണൻ തുടങ്ങി നിരവധി ഉദ്യോഗസ്ഥരും പൗരപ്രമുഖരും വിവിധ തലങ്ങളിലായി മത്സരങ്ങളിൽ പങ്കാളികളായി. ജില്ലയിലെ ആദ്യ ഫുൾ മാരത്തണ്‍ മത്സരത്തിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ വിവിധ പ്രായ വിഭാഗങ്ങളിലായി ജഗദീശൻ മുനിസാമി, ടി.എക്സ്. ജസ്റ്റിൻ, സാബു ജി. ചരുവിൽ, പി.വി. ബാബു ജോസഫ്, ശാന്തല കേനി, ജൂലിയ പി. ജോണി എന്നിവർ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
സോഷ്യൽ ഇൻക്ലൂസിവിറ്റി എന്ന ആശയത്തെ മുൻനിർത്തി മരത്തണിനോടനുബന്ധിച്ച് ബ്രേക്ക് ദി ബാരിയർ റണ്‍ എന്നപേരിൽ ഭിന്നശേഷിക്കാരായ കായിക തത്പരരുടെ വീൽചെയർ ഉപയോഗിച്ചുള്ള സൗഹൃദ ഒട്ടമത്സരവും സംഘടിപ്പിച്ചു. ഓട്ടത്തിൽ പങ്കെടുത്തവർക്കുള്ള എൻഡ്യൂറൻസ് അത്ലിറ്റ് കൂട്ടായ്മയുടെ സ്നേഹസമ്മാനങ്ങൾ മന്ത്രി ഡോ.ആർ. ബിന്ദു കൈമാറി.
സമ്മാനദാന സമ്മേളനത്തിൽ റവന്യു മന്ത്രി കെ. രാജൻ, മന്ത്രി ഡോ.ആർ. ബിന്ദു, മേയർ എം.കെ വർഗീസ്, പി. ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആ. ഇളങ്കോ, ഐ.എം വിജയൻ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, ടിസിസിഎം മുഖ്യ സ്പോണ്‍സറായ കേരള ഗ്രാമീണ ബാങ്കിന്റെ ചെയർപേഴ്സണ്‍ വിമല വിജയഭാസ്കർ എന്നിവർ പങ്കെടുത്തു.