കാളിയാറോഡ് നേർച്ച വർണാഭം
1514884
Monday, February 17, 2025 1:16 AM IST
പഴയന്നൂർ: മതസൗഹാർദ്ദത്തിന് പേരുകേട്ട ചേലക്കര കാളിയാറോഡ് പള്ളി ചന്ദനക്കുടം നേർച്ചയ്ക്ക് വൻ ഭക്തജനപ്രവാഹം. നേർച്ച ദിവസം രാവിലെ മൗലീദ് പാരായണവും തുടർന്ന് ഖത്തം ദുഅയും നടന്നു.
അന്നദാനത്തിനുശേഷം ഉച്ചകഴിഞ്ഞ് പള്ളി കേന്ദ്ര ജമാഅത്തിന്റെ കീഴിലുള്ള പുലാക്കോട്- പങ്ങാരപ്പിള്ളി, തൃക്കണായ, എളനാട് കിഴക്കുമുറി, കാളിയാറോഡ് മഹല്ല് എന്നീ നാലു പ്രധാനപ്പെട്ട മഹല്ലുകളിൽനിന്നു നേർച്ചവരവുകൾ പള്ളിയിൽ എത്തി. സെകട്ടറിമാർചേർന്ന് കൊടിയേറ്റ് നടത്തി. തുടർന്ന് വിവിധ ദേശങ്ങളിൽനിന്ന് അറബന, ദഫ്മുട്ട്, കോൽക്കളി, വാദ്യമേളങ്ങൾ എന്നിവയുടെ അകന്പടിയോടെ നേർച്ചവരവുകൾ ജാറത്തിലെത്തി കൊടിയേറ്റി മടങ്ങി. ഇന്നലെ ഉച്ചവരെ നേർച്ചയാഘോഷം തുടർന്നു. ഗജവീരന്മാരും പോട്ട ഗണേശൻ എന്ന റോബോട്ട് ആനയും ഘോഷയാത്രകളിൽ അണിനിരന്നു.