സ്കൂട്ടർ നിയന്ത്രണംവിട്ട് ഇടിച്ച് യുവാവ് മരിച്ചു
1514801
Sunday, February 16, 2025 11:00 PM IST
കൈപ്പറമ്പ്: പോന്നോരിൽ സ്കൂട്ടർ നിയന്ത്രണംവിട്ട് ഇടിച്ച് പാലയൂർ സ്വദേശി മരിച്ചു. എടക്കളത്തൂർ ജോസഫ് മകൻ ഓൾവിൻ(30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പോന്നോർ സ്വദേശി പാലയൂർ വീട്ടിൽ ജോയസൻ മകൻ ജയ്റോം(17)മിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കൈപ്പറമ്പ് ഭാഗത്തുനിന്ന് പറപ്പൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന സ്കൂട്ടർ കല്ലിൽതട്ടി സ്കിഡ് ആയതിനെത്തുടർന്ന് നിയന്ത്രണം വിട്ട് വായനശാലയുടെ സമീപത്ത് ഇടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഉടനെ പറപ്പുർ ആകട്സ് പ്രവർത്തകർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓൾവിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു.
മുംബൈയിൽ എൻജിനീയറായി ജോലി ചെയ്യുന്ന ഓൾവിൻ ശനിയാഴ്ചയാണ് ആലപ്പുഴയിലെ സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയത്. സംസ്കാരം ഇന്ന് വൈകീട്ട് പാലയൂർ മാർത്തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ. അമ്മ: ജോയ്സി (അധ്യാപിക, മുംബൈ). സഹോദരൻ: ഗ്ലാഡ്വിൻ (എൻജിനീയർ, മുംബൈ).