സീഡ് സൊസൈറ്റി തട്ടിപ്പിനെതിരേ വടക്കാഞ്ചേരി നഗരസഭയിൽ പ്രമേയം
1514569
Sunday, February 16, 2025 2:02 AM IST
വടക്കാഞ്ചേരി: സിഎസ്ആര്‍ ഫണ്ടിന്റെ പേരുപറഞ്ഞ് നടത്തുന്ന സീഡ് സൊസൈറ്റി തട്ടിപ്പിനെതിരെ നഗരസഭ കൗൺസിൽ പ്രമേയം. നഗരസഭ ചെയര്മാന് പി.എന്‍. സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ കൗണ്‍സിലര്‍ കെ.യു. പ്രദീപാണ് പ്രമേയം അവതരിപ്പിച്ചത്. നഗരസഭയുടെ പേര് ദുരുപയോഗം ചെയ്യുകയും ലൈസന്‍സില്ലാതെ സ്ഥാപനം ആരംഭിച്ച് ലക്ഷങ്ങള്‍ തട്ടുകയും ചെയ്ത കൗണ്‍സിലര്‍മാര്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
കൗണ്‍സിലര്‍ പദവി ഉപയോഗിച്ച് തട്ടിപ്പിന് ഇരയായ പരാതിക്കാരെ ഭീഷണിപ്പെടുത്തി കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വടക്കാഞ്ചേരി നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ സീഡ് സൊസൈറ്റി പ്രസിഡന്റ് ബുഷ്റ റഷീദ്, സീഡ് സൊസൈറ്റി കോ-ഒാർഡിനേറ്റര്‍മാരായ കമലം ശ്രീനിവാസൻ എന്നിവരെ അയോഗ്യരാക്കുന്നതിന് ഇലക്ഷന് കമ്മീഷനോട് കൗണ്‍സില്‍ പ്രമേയം വഴി ആവശ്യപ്പെട്ടു.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഒ.ആർ. ഷീല മോഹന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.ആര്.അനൂപ്കിഷോര്‍, എ.എം. ജമീലാബി, സി.വി. മുഹമ്മദ് ബഷീര്‍, സ്വപ്ന ശശി തുടങ്ങിയവര്‍പങ്കെടുത്തു.
എന്നാൽ പാതിവില തട്ടിപ്പ് സംബന്ധിച്ച് നിയമ വിരുദ്ധമായി നഗരസഭയിൽ പ്രമേയംകൊണ്ടുവരികയും വനിത കൗൺസിലർമ്മാരെ ചെയർമാൻ അപമാനിക്കുകയും ചെയ്തതിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. അയോഗ്യനായ അരവിന്ദാക്ഷനെവച്ച് കൗൺസിൽ യോഗം നടത്തുകയും ഒരു കേസിലും പ്രതികളല്ലാത്ത വനിത കൗൺസിലർമാർ പ്രതികളാണെന്നുപറഞ്ഞ് അവരെ അയോഗ്യരാക്കണമെന്ന് പ്രമേയം പാസാക്കുകയും ചെയ് ത ചെയർമാനും കൗൺസിലർമാർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ്് നേതാക്കൾ പറഞ്ഞു.
തുടർന്നു നടന്ന പ്രതിഷേധത്തിൽ കെ. അജിത്കുമാർ, എസ്എഎ ആസാദ്, പി.എൻ. വൈശാഖ്, കെ.ടി. ജോയ്, സന്ധ്യ കൊടക്കാടത്ത്, ബുഷറ റഷീദ്, കെ. ഗോപാലകൃഷ്ണൻ, കെ.എൻ. പ്രകാശൻ, കെ.എം. ഉദയ ബാലൻ, ജോയൽ മഞ്ഞില, രമണി പ്രേമദാസൻ, നബീസ നാസറലി, ജിജി സാംസൺ, നിജി ബാബു, കമലം ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.