സ്നേഹവീടിന്റെ താക്കോൽദാനം നടന്നു
1514567
Sunday, February 16, 2025 2:02 AM IST
എരുമപ്പെട്ടി: ചിറ്റണ്ട സ്വദേശി അഷറഫിനും കുടുംബത്തിനും പ്രവാസി കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃദ്സംഘം നിർമിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനം സിനിമാ സംവിധായകനും എഴുത്തുകാരനുമായ റഷീദ് പാറക്കൽ നിർവഹിച്ചു. സംഘടന പ്രസിഡന്റ് ഫിറോസ്ഖാൻ അധ്യക്ഷനായി. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്ലാൽ മുഖ്യാതിഥിയായി.
വാടകവീട്ടിൽ താമസിച്ചു വരുന്ന ഈ കുടുംബത്തിന് 560 സ്ക്വയർ ഫീറ്റ് ഉള്ള രണ്ടു കിടപ്പുമുറികളോടുകൂടിയ വീടാണ് നിർമിച്ചുനൽകിയത്. 37 വർഷമായി യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന വടക്കാഞ്ചേരി ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലും വടക്കാഞ്ചേരി നഗരസഭയിലുമായി സ്വന്തമായി ഭൂമിയുള്ള ഒൻപതു ഭവനരഹിതർക്ക് വീട് നിർമിച്ചുനൽകുന്നുണ്ട്. സംഘടനാ ഭാരവാഹികളായ ലിയോ തോമസ്, അബൂബക്കർ വിരുപ്പാക്ക, ഷാനു മച്ചാട്, കെ.കെ. അബൂബക്കർ തുടങ്ങിയവർ പ്രസംഗി ച്ചു.