മാടവന ഹെൽത്ത് സെന്ററിൽ കിടത്തിച്ചികിത്സ ആരംഭിക്കണം
1514559
Sunday, February 16, 2025 2:02 AM IST
കൊടുങ്ങല്ലൂര്: എറിയാട് പഞ്ചായത്തിലെ മാടവന ഹെൽത്ത് സെന്ററിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി കിടത്തിച്ചികിത്സ ആരംഭിക്കുന്നതിനു നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് എറിയാട് മണ്ഡലം കമ്മിറ്റി പ്രതിഷേധധർണ നടത്തി.
മാടവന ഹെൽത്ത് സെന്റർ സാമൂഹികാരോഗ്യകേന്ദ്രമായിരുന്ന സമയത്ത് കിടത്തിച്ചികിത്സയും ഉയർന്ന ചികിത്സാസൗകര്യങ്ങളും ഉണ്ടായിരുന്നു. എറിയാട് പഞ്ചായത്തിലെ തീരദേശത്തെ ബഹുഭൂരിപക്ഷം സാധാരണക്കാരായ ജനങ്ങളുടേയും ആശ്രയമായിരുന്നു. ഒരു ബ്ലോക്കിൽ രണ്ടു സാമൂഹികാരോഗ്യകേന്ദ്രങ്ങൾ പാടില്ല എന്ന സാങ്കേതികത്വത്തിന്റെ പേരിൽ ഇതു കുടുംബാരോഗ്യകേന്ദ്രമായി ചുരുക്കിയപ്പോൾ സാധാരണക്കാരായ ജനങ്ങളെ ദോഷകരമായി ബാധിച്ചു.
ഈ സ്ഥാപനത്തിന് അവാർഡുകൾ ലഭിച്ചിട്ടുണ്ടെങ്കിലും അതു നിലനിർത്തുന്നതിനും ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനും തുടർച്ചയായ സാമ്പത്തികസ്രോതസോ ബ്ലോക്ക് - ഗ്രാമപഞ്ചായത്തുകളുടെ ഇടപെടലുകളോ ഉണ്ടാവുന്നില്ല. ദേശീയ ആരോഗ്യപദ്ധതിയിലൂടെയും മറ്റു സ്കീമുകളിലൂടെയും ലഭിക്കുന്ന ഉപകരണങ്ങൾപോലും ഉപയോഗിക്കാൻ യോഗ്യരായ ജീവനക്കാരില്ലാതെ ഉപയോഗശൂന്യമാവുകയാണ്.
നിലവിലെ ഒപിയിലെ തിരക്കിനനുസൃതമായ സേവനം ഉറപ്പാക്കുന്നതിന് ഡോക്ടർമാരുടെയോ, ജീവനക്കാരുടെയോ ആവശ്യമായ എണ്ണം ഈ ആരോഗ്യ കേന്ദ്രത്തിലില്ല. പഴയ കെട്ടിടം വളരെ ശോചനീയാവസ്ഥയിലാണ്. സബ് സെന്ററുകൾക്ക് സ്ഥലംവിട്ടുകിട്ടിയിട്ടും അവിടെ കെട്ടിടം പണിയാൻ നടപടിയുണ്ടായില്ല.
വാഹനം ഇല്ലാത്തതുകൊണ്ട് ഈ ഹെൽത്ത് സെന്ററിലെ ഡ്രൈവർ മറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ചു നടപടികൾക്കായി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർക്ക് നിവേദനംനൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ബി. മൊയ്തു ധർണ ഉദ്ഘാടനംചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എ. മുഹമ്മദ് സഗീർ അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സലിം കൈപ്പമംഗലം, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി.എം. കുഞ്ഞുമൊയ്തീൻ, പി.എസ്. മുജീബ് റഹ്മാൻ, പി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.