എച്ചിപ്പാറയിൽ കാട്ടാന ആക്രമണം; വീടിനുമുകളിലേക്ക് മരം മറിച്ചിട്ടു
1491140
Monday, December 30, 2024 7:31 AM IST
പാലപ്പിള്ളി: എച്ചിപ്പാറയിൽ കാട്ടാന വീടിനു മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു. എച്ചിപ്പാറ വരിക്കോട്ടിൽ മൊയ്തീൻകുട്ടിയുടെ വീടിനു നേരെയാണ് കാട്ടാനായുടെ പരാക്രമം. ആർക്കും പരിക്കില്ല.
ഇന്നലെ പുലർച്ചെയാണ് സംഭവം. 64കാരനായ മൊയ്തീൻകുട്ടിയും ഭാര്യ റംലത്തുമാണ് വീട്ടിലുണ്ടായിരുന്നത്. ദിവസങ്ങളായി പ്രദേശത്ത് ഭീതിപരത്തുന്ന ഒറ്റയാൻ തെങ്ങ് മറിച്ചിടുകയായിരുന്നു. വീടിന് കേടുപാടുകൾ സംഭവിച്ചു.
മുറ്റത്ത് ആനയെത്തിയതറിഞ്ഞ വീട്ടുകാർ മണിക്കൂറുകളോളം ഭീതിയിലാണ് കഴിഞ്ഞത്. പിന്നീട് വനപാലകരും നാട്ടുകാരും ചേർന്ന് ആനയെ തുരത്തി. ഒരു വർഷംമുൻപും ഇവരുടെ തറവാടുവീടിനുനേരേ കാട്ടാന ആക്രമണം നടത്തിയിരുന്നു. ജനവാസമേഖലയിൽ ഭീതിപരത്തുന്ന ഒറ്റയാനെ കാടുകയറ്റാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.