കാമറക്കാഴ്ചകൾ കാൻവാസിൽ; ചിത്രപ്രദർശനവുമായി രവീന്ദ്രൻ
1491404
Tuesday, December 31, 2024 8:15 AM IST
സി.ജി. ജിജാസൽ
തൃശൂർ: നിറക്കാഴ്ചകൾക്കു ചായക്കൂട്ടുകൾ രചിച്ച് തുടക്കം. പിന്നെ, കാമറയിലൂടെ ജീവിതങ്ങൾ ഒപ്പിയെടുത്ത നാലുപതിറ്റാണ്ട്. വീണ്ടും പഴയ ചായക്കൂട്ടുകളിലേക്കു മടക്കം. ചിത്രകാരനും ഫോട്ടോഗ്രാഫറുമായ പുല്ലഴി കാട്ടൂർ വീട്ടിൽ കെ.കെ. രവീന്ദ്രൻ തെരഞ്ഞെടുത്ത ചിത്രങ്ങളുമായി ഒരിക്കൽകൂടി സാംസ്കാരികനഗരിയിലേക്ക് എത്തുന്നു.
ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ വർണക്കാഴ്ച എന്ന ചിത്രപ്രദർശനത്തിലൂടെയാണ് 75-ാം വയസിൽ ചായക്കൂട്ടുകളിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കുന്നത്. തൃശൂരിന്റെ ആവേശമായ പുലികളിക്കും അറുപതുവർഷമായി രവീന്ദ്രൻ ചിത്രം വരയ്ക്കുന്നുണ്ട്. കോവിഡ് കാലത്തു പുറത്തിറങ്ങാൻ കഴിയാതെവന്നതോടെ സ്വന്തം ശരീരം പുലിവരയ്ക്കു കാൻവാസാക്കിയും വരയോടുള്ള അടങ്ങാത്ത ആവേശം പ്രകടിപ്പിച്ചിരുന്നു.
ഒഴിവുവേളയിലെ വിരസതയകറ്റാനാണു വർഷങ്ങൾക്കുശേഷം വീണ്ടും ചിത്രരചന ആരംഭിച്ചത്. അന്പതോളം ചിത്രങ്ങൾ രണ്ടുമുതൽ ആറുവരെയുള്ള പ്രദർശനത്തിനുണ്ടാകും. നിരവധി ഫോട്ടോ പ്രദർശനങ്ങൾ നടത്തിയെങ്കിലും ചിത്രപ്രദർശനം ആദ്യമാണ്.
ജനുവരി മൂന്നിനു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ ആറുവരെയാണു പ്രദർശനം.