കടലില്‍ കുടുങ്ങിയ ബോട്ടുകളും 19 മത്സ്യത്തൊഴിലാളികളെയും രക്ഷിച്ചു
1491409
Tuesday, December 31, 2024 8:15 AM IST
അഴീക്കോട്/ചാവക്കാട്: രണ്ടു സംഭവങ്ങളിലായി കടലിൽ കുടുങ്ങിയ രണ്ടു ബോട്ടുകളും 19 മത്സ്യത്തൊഴിലാളികളെയും മറൈൻ എൻഫോഴ്സ്മെന്റ് സംഘം രക്ഷപ്പെടുത്തി.
അഴീക്കോട് ഫിഷ്ലാൻഡിംഗ് സെന്ററിൽനിന്നും മത്സ്യബന്ധനത്തിനു പോയ അൽഫത്ത് എന്ന ബോട്ട് പ്രൊപ്പല്ലറിൽ വല ചുറ്റി എൻജിന് നിലച്ചു കടലില്‍ കുടുങ്ങി. ബോട്ടും അതിലുണ്ടായിരുന്ന ഒന്‍പതു മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ അഴിമുഖം വടക്കുപടിഞ്ഞാറുഭാഗത്ത് കുടുങ്ങിയ ബോട്ട് തളിക്കുളം സ്വദേശി അമ്പലത്തുവീട്ടിൽ മുഹമ്മദ് യൂസഫിന്റെ ഉടമസ്ഥതയിലുള്ളതാണ്.
മുനയ്ക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്ററില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ മത്സ്യബന്ധനത്തിനു പോയ കൊല്ലം കാവനാട് സ്വദേശി ഹെറിന് പയസിന്റെ ഉടമസ്ഥതയിലുള്ള മേരിമാതാ ബോട്ട് എന്ജിന് നിലച്ച് കടലില്‍ കുടുങ്ങുകയായിരുന്നു. കടലില്‍ 10 നോട്ടിക്കല്‍ മൈല്‍ അകലെ കുടുങ്ങിയ ബോട്ടിൽ പത്തു മത്സ്യത്തൊഴിലാളികളുണ്ടായിരുന്നു.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമയുടെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എൻ. പ്രശാന്ത്കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, റസ്ക്യൂ ഗാര്‍ഡുമാരായ പ്രസാദ്, കൃഷ്ണപ്രസാദ്, ഷിഹാബ്, അജിത്ത് കുമാര്‍, ബോട്ട് സ്രാങ്കുമാരായ ദേവസി മുനമ്പം, റഷീദ്, എൻജിൻ ഡ്രൈവർമാരായ റോക്കി, റാഫി എന്നിവർ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി.