മറ്റത്തൂരില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം
1491598
Wednesday, January 1, 2025 6:07 AM IST
ചെമ്പുച്ചിറ: ഹൈസ്കൂള്‍ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തി മറ്റത്തൂര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന നീന്തല്‍ സാക്ഷരതായജ്ഞം ശ്രദ്ധേയമാകുന്നു. പഞ്ചായത്തില്‍ വിവിധ വിദ്യാലയങ്ങളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണു നീന്തല്‍ പരിശീലിക്കുന്നത്.
നീന്തലറിയാതെ കൗമാരപ്രായക്കാര്‍ ജലാശയങ്ങളില്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മറ്റത്തൂര്‍ പഞ്ചായത്തിന്റെ മുന്‍കരുതലാണ് നീന്തല്‍ പരിശീലന പദ്ധതി. നീന്തലറിയാത്തതുകൊണ്ടു മാത്രം മുങ്ങിമരണങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ ഞ്ചായത്തില്‍ ഇത്തരത്തിലുള്ള ദുരന്തം ആവര്‍ത്തിക്കപ്പെടരുതെന്ന ദൃഢനിശ്ചയമാണ് ഈ പരിശീലനപദ്ധതിക്കു പിന്നിലുള്ളതെന്ന് മറ്റത്തൂര്‍ പഞ്ചായത്ത് അംഗ ങ്ങളായ ജിഷ ഹരിദാസും സീബ ശ്രീധരനും പറഞ്ഞു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി നിലയില്ലാത്ത വെള്ളത്തില്‍ കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്ന കുഴിക്കാട്ടുശേരി സ്വദേശി എം.എസ്. ഹരിലാലാണ് മറ്റത്തൂരിലെ കുട്ടികള്‍ക്കു പരിശീനം നല്‍കുന്നത്. രണ്ടുഘട്ടങ്ങളിലായി നൂറ്റമ്പതോളം കുട്ടികൾ നീന്തൽ പരിശീലിച്ചു. വെള്ളിക്കുളങ്ങര കൊടുങ്ങചിറയിലായിരുന്നു ആദ്യഘട്ട പരിശീലനം. ചെമ്പുചിറയിലെ വിസ്തൃതമായ കുളത്തില്‍ രണ്ടാംഘട്ട പരിശീലനം നടന്നുവരികയാണിപ്പോള്‍. ഇതുവരെ കുളങ്ങളില്‍ ഇറങ്ങിയിട്ടില്ലാത്ത കുട്ടികള്‍ കേവലം ഒരാഴ്ചത്തെ പരിശീലനത്തിലൂടെ ആഴമുള്ള കുളത്തില്‍ നീന്താന്‍ പഠിച്ചുകഴിഞ്ഞതായി ഹരിലാല്‍ പറഞ്ഞു.
മുഖ്യപരിശീലകന്‍ ഹരിലാല്‍ മൂത്തേടത്തിനൊപ്പം എ.എന്‍. സജീവന്, സി.ആര്.സോണി, എം.വി. ബിജുമോന്, നവീന്‍ പോണോളി, ഇ.ജെ. ജിനേഷ് എന്നിവരും പരിശീലകസംഘത്തിലുണ്ട്. എല്ലാ ദിവസവും രാവിലെ ആറേമുക്കാല്‍ മുതല്‍ ഏഴേമുക്കാല്‍ വരെയുളള ഒരു മണി ക്കൂറാണു പരിശീലന സമയം. രാവിലെ പരിശീലനത്തിനായി എത്തുന്ന കുട്ടികളെ കുളത്തിനു ചുറ്റും ഓടിച്ച് വ്യായാമം ചെയ്യിച്ചശേഷമാണ് നീന്താനിറക്കുന്നത്. എയര്‍ നിറച്ച റബര്‍ ട്യൂബിന്റെ സഹായത്തോ ടെ ആദ്യം നീന്തുന്ന കുട്ടികള്‍ പിന്നീട് ട്യൂബിന്റെ സഹായമില്ലാതെത്തന്നെ നീന്താന്‍ പ്രാപ് തരാകും.
ഓരോ ദിവസവും പരിശീലനം കഴിയുമ്പോള്‍ കുട്ടികള്‍ക്ക് ഒരു ഗ്ലാസ് പാലും നല്‍കുന്നുണ്ട്.