നഗരമധ്യത്തിലെ കൊലപാതകം പോലീസിന്റെ വീഴ്ച: ജോണ് ഡാനിയൽ
1491756
Thursday, January 2, 2025 1:14 AM IST
തൃശൂർ: നഗരമധ്യത്തിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥിയുടെ കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടത് പോലീസിന്റെ അനാസ്ഥ മൂലമാണെന്നു കെപിസിസി സെക്രട്ടറി ജോണ് ഡാനിയൽ പറഞ്ഞു. ലഹരിമാഫിയ നഗരത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണ് കൊലപാതകം.
പുതുവത്സരത്തിന്റെ ഭാഗമായി കർശനനിരീക്ഷണം ഏർപ്പെടുത്തുമെന്നു പോലീസ് പറഞ്ഞെങ്കിലും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പോലീസിനു വീഴ്ച ഉണ്ടായെന്നതിന്റെ തെളിവാണ് കൊലപാതകം. 24 മണിക്കൂറും പട്രോളിംഗ് ഉള്ള നഗരമധ്യത്തിലാണ് പോലീസിന്റെ മൂക്കിനുതാഴെ കൊലപാതകമുണ്ടായത്.
തേക്കിൻകാട് മൈതാനത്തു ലഹരി - മദ്യമാഫിയയുടെ സാന്നിധ്യം ഉണ്ടെന്നറിയാവുന്ന പോലീസ് തന്നെയാണ് സുരക്ഷയെ ലാഘവത്തോടെ എടുത്തത്. നേരത്തേ സഹപാഠിക്കുനേരേ കത്തി കാണിച്ചതിന്, കുത്തിയ വിദ്യാർഥിയെ സ്കൂളിൽനിന്നു പുറത്താക്കിയതാണ്. എന്നിട്ടും ഈ വിദ്യാർഥിയെ നിരീക്ഷിക്കുന്നതിൽ എക്സൈസ്, പോലീസ് വകുപ്പുകൾ വേണ്ട ശ്രദ്ധ പുലർത്തിയില്ലെന്നും ലഹരിമാഫിയയെ ചെറുക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം വേണമെന്നും ജോണ് ഡാനിയൽ ആവശ്യപ്പെട്ടു.