ഇന്ത്യയിലെ ഏറ്റവും വലിയ തിരുഹൃദയ തിരുസ്വരൂപം നാളെ പ്രതിഷ്ഠിക്കും
1491755
Thursday, January 2, 2025 1:14 AM IST
എരുമപ്പെട്ടി: പുനർനിർമാണം നടക്കുന്ന എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ ഈശോയുടെ തിരുഹൃദയ തിരുസ്വരൂപം നാളെ വൈകീട്ട് ആറിന് പ്രതിഷ്ഠിക്കും. ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ സെന്റ്് പീറ്റേഴ്സിൽ വെഞ്ചരിച്ച തിരുസ്വരൂപം ഇന്ത്യയിലെ ഏറ്റവും വലിയ തിരുസ്വരൂപമാണ്. നവംബർ ഒന്നിനാണ് തൃശൂർ അതിരൂപത ആസ്ഥാനത്തു തിരുസ്വരൂപം എത്തിച്ചത്.
നാളെ വൈകിട്ട് നാലിന്് തൃശൂർ അതിരൂപത ആസ്ഥാനത്തുനിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ ഫൊറോന അതിർത്തിയായ പുതുരുത്തി പള്ളി, ആറ്റത്തറ - കോട്ടപ്പുറം കുരിശുപള്ളി, മങ്ങാട് പള്ളി, നെല്ലുവായ് പഴവൂർ റോഡ് ജംഗ്ഷൻ, എരുമപ്പെട്ടി ഗ്രാമീണവായനശാല, പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്വീകരിക്കും. വൈകീട്ട് ആറിന് എരുമപ്പെട്ടി സെന്റ്് ജോർജ് കപ്പേളയിലെ സ്വീകരണത്തിനുശേഷം ബാൻഡ് മേളം, ചെണ്ടമേളം, നകാരം, മാർഗംകളി, മുത്തുക്കുടകൾ, പേപ്പൽ കുടകൾ, തിരുഹൃദയം, മാലാഖമാരുടെയും കന്യകമാരുടെയും വേഷധാരികൾ എന്നിവർ അണിനിരക്കുന്ന ഘോഷയാത്രയായി തിരുസ്വരൂപം പള്ളിയിലേക്ക് എഴുന്നള്ളിക്കും.
അതിരൂപത ആർച്ച്ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ മാർ ആൻഡ്രൂസ് താഴത്ത് പ്രതിഷ്ഠാ കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിക്കും. വൈദികർ, സിസ്റ്റേഴ്സ്, അതിരൂപത അല്മായ നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ സ്വീകരണം പ്രതിഷ്ഠാകർമം, വിശുദ്ധ കുർബാന, സ്നേഹവിരുന്ന് എന്നിവ നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ വികാരി ഫാ. ജോഷി ആളൂർ, നടത്തുകൈക്കാരൻ എം.കെ. ജോൺസൺ, ജനറൽ കൺവീനർ കെ.സി. ഡേവിസ്, പബ്ലിസിറ്റി കൺവീനർ ജിന്റോ ജോഷി, പിആർഒ ബിജു ജോർജ്, കൈക്കാരന്മാരായ ജെയ്സൺ താണിക്കൽ, എം.വി. ഷാന്റോ എന്നിവർ പങ്കെടുത്തു.