വൈദ്യുതി ലൈന്‍ പൊട്ടിവീണ് വീടിനു തീപിടിച്ചു
1491139
Monday, December 30, 2024 7:31 AM IST
ഇരിങ്ങാലക്കുട: അവിട്ടത്തൂരിൽ വൈദ്യുതി ക്കമ്പി പൊട്ടിവീണ് വീടിനുള്ളില്‍ തീപടര്‍ന്നു. എട്ടു വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. അവിട്ടത്തൂര്‍ മാവിന് ചുവടിനു സമീപമുള്ള വീടുകളിലാണ് നാശം. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. പുത്തന്‍പീടിക സേവ്യറിന്റെ വീട്ടിലാണു കാര്യമായ നാശനഷ്ടങ്ങളുണ്ടായത്. എസി പൊട്ടിത്തെറിക്കുകയും കമ്പ്യൂട്ടറും കട്ടിലും കാമറയും കത്തിനശിക്കുകയും ചുമരുകള്‍ക്ക് വിള്ളല്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ജനൽച്ചില്ലുകള്‍ ചിന്നിച്ചിതറുകയും ഫാനുകള്‍ താഴെ വീഴുകയുംചെയ്തു.
ബള്‍ബ് ഉരുകിവീഴുന്നതുകണ്ട് വീട്ടുകാർ പുറത്തേക്കിറങ്ങി നോക്കിയപ്പോഴാണ് വീടിനു മുകളില്‍നിന്ന് പുക ഉയരുന്നതായി കണ്ടത്. ഈ സമയം സേവ്യറിന്റെ ഭാര്യ ജ്യോതി, മക്കളായ വില്‍മ, റൈസ എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. രണ്ടു ലക്ഷം രൂപയുടെ നഷ്ടമാണ് സേവ്യറിനു സംഭവിച്ചിട്ടുള്ളത്.
നങ്ങിണി ജോര്‍ജ്, ജോസ് പെരേപ്പാടന്, വിന്‍സന്റ് കോനിക്കര, ഇഗ്നേഷ്യസ് പെരേപ്പാടൻ, സജി പെരേപ്പാടൻ, രാജപ്പ ന് തേയ്ക്കാനത്ത്, നയന ഷിജു എന്നിവരുടെ വീടുകളിൽ ഉപകരണങ്ങൾ നശിച്ചു.
ഈ പ്രദേശത്തെ ന്യൂട്രല്‍ ലൈന്‍ കമ്പി പൊട്ടിവീണതോടെ വീടുകളിലേക്കുള്ള കണക്ഷനില്‍ വൈദ്യുതി അമിതമായി പ്രവഹിക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഗാന്ധിഗ്രാം നമ്പര്‍ രണ്ടിലെ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ഇരിങ്ങാലക്കുടയില്‍നിന്നു ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്.