ഭരണകാര്യങ്ങൾ കൂടിയാലോചനകൾ ഇല്ലാതെ, അധഃപതിച്ച കൗണ്‍സില്‍: എം.എൽ. റോസി
1491612
Wednesday, January 1, 2025 6:07 AM IST
തൃശൂർ: തൃശൂർ കോർപറേഷനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഡെപ്യൂട്ടി മേയർ എം.എൽ. റോസി.
ഭരണകാര്യങ്ങൾ കൂടിയാലോചനകൾ ഇല്ലാതെയാണ് നടപ്പാക്കുന്നതെന്നും ഇതുവരെയുള്ളതിൽ ഏറ്റവും അധപതിച്ച കൗണ്സിലാണിതെന്നും റോസി. ഇന്നലെ നടന്ന 2024ലെ അവസാന കൗണ്‍സിൽ യോഗത്തിലാണ് വൈകാരിക നിമിഷങ്ങൾ അരങ്ങേറിയത്. ഭരണകാര്യങ്ങളിൽ കൂട്ടായുള്ള ചർച്ചകൾ നടത്താത്തതിനെതിരെ നേരത്തെയും ഡെപ്യൂട്ടി മേയർ പരസ്യമായി രംഗത്തുവന്നിരുന്നു.
കോർപറേഷൻ ആരുടേയും തറവാട്ട് സ്വത്തല്ലയെന്നും തനിക്ക് പദവി മാത്രമേയുള്ളുവെന്നും അധികാരമില്ലെന്നും പറഞ്ഞ അവർ ആലോചിച്ച് തീരുമാനമെടുത്താൽ എല്ലവർക്കും നന്ന് എന്ന മുന്നറിയിപ്പും നൽകി. കോർപറേഷന് കീഴിലുള്ള ഗ്രൗണ്ടുകൾ വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടയിലായിരുന്നു റോസിയുടെ രൂക്ഷവിമർശനം.
ഗ്രൗണ്ടുകൾ വാടകയ്ക്ക് നൽകുന്നത് നഗരസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുൻപിൽ വരാതെയെന്ന് ആരോപിച്ച് യുഡിഎഫ്, ബിജെപി കൗണ്‍സിലർമാരും പ്രതിഷേധവുമായി രംഗത്തു വന്നതോടെ യോഗം ബഹളത്തിൽ അവസാനിച്ചു. എന്നാൽ ആരോപണത്തിൽ കഴന്പില്ലെന്നും ഇത്തരം കാര്യങ്ങൾ ഉദ്യോഗസ്ഥ തലത്തിലാണ് നടക്കുന്നതെന്നും മേയർ എം.കെ. വർഗീസും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയും പറഞ്ഞു.